സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപക ശില്‍പശാല സമാപിച്ചു
മൂവാറ്റുപുഴ: സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ ദ്വിദിന സംസ്ഥാന തല ശില്‍പശാല സമാപിച്ചു. അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വല്‍ ഡിസേബിള്‍സ് (എയ്ഡ്) അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ സ്റ്റാഫ് (ആശ്വാസ്) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസ്ഥാനത്തെ മുന്നൂറ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു. മൂവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ഹാരിസ് ഉദ്്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും മൊമെന്റോകളുടെയും വിതരണം അദ്ദേഹം നിര്‍വഹിച്ചു.
സ്‌പെഷ്യല്‍ സ്‌കൂളുകളുടെ യോഗ്യതകള്‍ പരിശോധിച്ച് സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന് ടി.എം ഹാരിസ് ആവശ്യപ്പെട്ടു. അധ്യാപകര്‍ക്ക് അര്‍ഹമായി ശമ്പളം നല്‍കാനുള്ള സാമ്പത്തീക ഭദ്രത മിക്ക എന്‍.ജി.ഒകള്‍ക്കും ഇല്ല. ഇത് സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭാവിയെ പ്രതിസന്ധിയിലാക്കുകയാണ്. സൗജന്യ വിദ്യഭ്യാസം ഭരണകൂട ബാധ്യതയാണെന്നിരിക്കെ സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയെ സര്‍ക്കാര്‍ കയ്യൊഴിയുന്നത് വിദ്യാഭ്യാസ അവകാശം നിഷേധിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആശ്വാസ് പ്രസിഡന്റ് സുശീല കുര്യാച്ചന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ദീപു ജോണ്‍, ജോണ്‍ തോമസ്, ജയാ നാരായണന്‍, പി.എസ്. പ്രദീപ്, സിസ്റ്റര്‍ ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു. ശാന്തി സദനം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മായാ എസ്., വി.സി.സി. സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ സുനില്‍ ദാസ്, ജിബി വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."