മേയര്‍ സൗമിനി ജെയിന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി
കൊച്ചി: കൊച്ചി നഗരസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും അതിനാല്‍ മേയര്‍ സൗമിനി ജെയിന്‍ സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആവശ്യപ്പെട്ടു.
ഭരണകക്ഷിയിലെ തന്നെ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുവിനെതിരെ മേയര്‍ വിജിലന്‍സിന് പരാതി നല്‍കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് നഗരസഭയില്‍ ഉണ്ടായത്. ഈ നടപടിയില്‍ ദുരുദ്ദേശമുണ്ടെന്നാണ് ഷൈനിയുടെ മറുപടി. സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്ക് ഫയല്‍ പോലും കാണിക്കാന്‍ നല്‍കാതെ മേയര്‍ പിടിച്ചുവയ്ക്കുകയാണെന്ന് പൊതുമരാമത്ത് സമിതി അധ്യക്ഷനായ പി.എം ഹാരിസ് ഏറെ നാളായി പറയുന്നു. ഭരണകക്ഷി കൗണ്‍സിലറായ ടി.കെ അഷ്‌റഫിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ പൊലിസിന് കത്ത് നല്‍കിയതും മേയര്‍ തന്നെ.
പരസ്പര വിശ്വാസം നഷ്ടപ്പെട്ട് ഒറ്റയാന്‍ തീരുമാനങ്ങളാണ് നഗരസഭയില്‍ നടക്കുന്നത്. ഇതിനിടയ്ക്ക് നഗരത്തിലെ വികസന പദ്ധതികളെല്ലാം സ്തംഭിച്ചു. സ്റ്റിയറിങ് കമ്മിറ്റിയും കൗണ്‍സിലും ക്രമപ്രകാരം ചേരുന്നില്ല. ചേര്‍ന്നാല്‍ ചര്‍ച്ച പോലും തടസപ്പെടുത്തും.കേന്ദ്ര സംസ്ഥാന പദ്ധതികള്‍ വഴി ലഭിച്ച കോടി കണക്കിന് രൂപ പാഴാകുന്നു. അമൃത്, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. ഓഫിസുകള്‍ നാഥനില്ലാ കളരിയായി. ഡിവിഷന്‍തല വര്‍ക്കുകള്‍ പോലും മുടങ്ങി. കോടികളുടെ ഇടപാടുകളും പദ്ധതികളും സപ്ലിമെന്റ് അജണ്ടയില്‍പെടുത്തി വളഞ്ഞവഴിയിലുടെ പാസാക്കുകയാണ്.
മേയറുടെ ഒറ്റയാന്‍ നടപടികളും പിടിപ്പുകേടുമാണ് ഈ സ്ഥിതി വരുത്തിവെച്ചത്. മേയറുടെ രാജി മാത്രമാണ് ഇതിന് ഒരു പരിഹാരം. നഗരസഭയിലെ കുത്തഴിഞ്ഞ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ കൗണ്‍സില്‍ വിളിക്കണമെന്നും കെ.ജെ ആന്റണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."