ഡ്രൈവര്‍ പോത്ത് കച്ചവടത്തിന് പോയി; ചമ്പമല ബസ് സര്‍വീസ് മുടങ്ങി
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍ നിന്നും കിഴകൊമ്പ് ചമ്പമല ഇലഞ്ഞി ഭാഗത്തേക്കുള്ള ഏക ബസ് സര്‍വ്വീസ് ഡ്രൈവര്‍ എത്താത്തതുമൂലം മുടങ്ങി.
ഇയാള്‍ക്ക് മാര്‍ക്കറ്റില്‍ പോത്തു കച്ചവടം ഉള്ളതായും മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി ലീവ് എടുത്ത് സര്‍വീസ് മുടക്കുന്ന ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. നാട്ടുകാരുടെ പരാതിയേത്തുടര്‍ന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി.എന്‍ പ്രഭ കുമാര്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ സര്‍വീസ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായി. മൂവാറ്റുപുഴ ഇലഞ്ഞി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈ ബസിലാണ് ചമ്പമല മേഖലയിലെ വിദ്യാര്‍ഥികളും നാട്ടുകാരും ടൗണില്‍ എത്തുന്നത്. ബുധനാഴ്ച കൂത്താട്ടുകുളത്ത് ചന്ത ദിവസം ആയതിനാല്‍ നിരവധി യാത്രക്കാരാണ് സ്റ്റാന്റില്‍ കുടുങ്ങിയത്. ഉപരോധ സമരം സി.പി.എം ലോക്കല്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.ആര്‍ ആദര്‍ശ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ ഫെബീഷ് ജോര്‍ജ്, ഡി.വൈ.എഫ്.ഐ നേതാക്കളായ പി.പി പ്രകാശ്, മഹേഷ് ഗോപി, ജിബിന്‍ മോഹനന്‍, അജി എം.എന്‍ എന്നിവര്‍ സംസാരിച്ചു. ജനത്തെ വഴിയാധാരമാക്കുന്ന ഇത്തരം ജീവനക്കാരനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തുടര്‍സമരം ഉണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."