നോക്കുകൂലിത്തര്‍ക്കം: തൊഴിലാളികള്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി
തൊടുപുഴ: നോക്കുകൂലി തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകര്‍ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ഡ്രൈവര്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നടുക്കണ്ടം കളരിയ്ക്കല്‍ സതീഷ്കുമാറിനാണ്(40) മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം തൊടുപുഴ വിമല സ്കൂളിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഷോപ്പിംഗ് ക്ലോംപ്ലകസിലേക്ക് കമ്പിയുമായെത്തിയ ലോറിയുടെ ഡ്രൈവറാണ് സതീഷ്കുമാര്‍.
സംഭവത്തെക്കുറിച്ച് സതീഷ്കുമാര്‍ പറയുന്നതിങ്ങനെ. ലോഡുമായെത്തിശേഷം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം ലോറി പാര്‍ക്ക് ചെയ്തു. ഇതിനുശേഷം ഒരു ഫോണ്‍വന്നതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നും അല്പംമാറി സംസാരിക്കുന്നതിനിടെ ലോറി പാര്‍ക്ക് ചെയ്ത് സ്ഥലത്ത് വലിയം ബഹളം കേട്ടു.
ലോറിയിലിടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ലോറിക്കരികിലേയ്ക്ക് ഓടിച്ചെന്നു. ലോറിയില്‍ നിന്നും ലോഡിറക്കിയ തൊഴിലാളികളെ ഒരു സംഘമാളുകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതിനിടെ ലോറിയിലിടിക്കരുതെന്ന് പറഞ്ഞപ്പോള്‍ തന്റെ നേരെ അക്രമകാരികളെത്തി. ലോഡിറക്കിയതിനു പണം നല്‍കണമെന്ന് ഇവര്‍ആവശ്യപ്പെട്ടു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ തരാന്‍ പറ്റില്ലെന്ന് സതിഷ് പറഞ്ഞു.
ഇതോടെ സ്ഥലത്ത് സംഘര്‍ഷമായി. മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മര്‍ദനം ആരംഭിച്ചതോടെ സതീഷ് ഓടിരക്ഷപെടാന്‍ ശ്രമിച്ചു.
ഓടുന്നതിനിടെ മുണ്ടില്‍ കാലുടക്കി സതീഷ് വീണു. ഇതിനുശേഷമാണ് അക്രമിസംഘം പിന്തിരിഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന അവശനിലയിലായ സതീഷിനെ ലോറിയുടമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിച്ചത്.
അവശനിലയിലായ ഡ്രൈവര്‍ അരോഗ്യനില വീണ്ടെടുത്തിട്ടില്ല. സംഭവത്തക്കുറിച്ച് സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അറിയാന്‍ കഴിഞ്ഞുവെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സതീഷ്കുമാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് തൊടുപുഴ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."