നാഷനല്‍ കോണ്‍ഫറന്‍സ് ഇന്നു മുതല്‍
തലപ്പുഴ: മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സ് ഇന്നു മുതല്‍ 28വരെ കോളജില്‍ നടക്കും. നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ കമ്മ്യൂണിക്കേഷന്‍ കംപ്യൂട്ടിങ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസിങ്(എസിസിസിഎസ്പി) എന്ന് പേരിട്ട ഈ പരിപാടിയില്‍ രാജ്യത്തെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഗവേഷകരും പങ്കെടുക്കും.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. അബ്ദുള്‍ ഹമീദ്, ഡോ. വരുണ്‍ പി. ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ആധുനിക സാങ്കേതിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ കംപ്യൂട്ടിങ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസിങ്ങിലുള്ള ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
സാങ്കേതിക രംഗത്തെ പ്രശസ്തനായ കോഴിക്കോട് എന്‍.ഐ.ടിയുടെ ഡയറക്ടര്‍ ശിവാജി ചക്രബര്‍ത്തി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് ആദ്യദിവസം കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങിന്റെ നൂതന ആശയങ്ങളെക്കുറിച്ചും അനന്തസാധ്യതകളെക്കുറിച്ചും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ.ഐ.എസ്.സി ബംഗളൂരുവിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. ഷയാന്‍ ഗരാനി ശ്രീനിവാസ പ്രസംഗിക്കും. കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംരംഭമായ ബാണാസുരസാഗര്‍ ഡാമിലെ അഞ്ച് കെ.വി സോളാര്‍ പവര്‍ പ്രൊജക്ട് സന്ദര്‍ശിക്കും.
രണ്ടാം ദിവസം സാങ്കേതിക ഗവേഷണ രംഗത്ത് ഇന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മെഷീന്‍ ലേര്‍ണിങ് എന്ന വിഷയത്തില്‍ സിഗ്നല്‍ ആന്‍ഡ് ഇമേജ് പ്രോസസിങ്ങില്‍ പ്രശസ്തനായ ബംഗളൂരുവിലെ റൈകോ ഇന്നോവേഷനിലെ ശാസ്ത്രജ്ഞനായ ഡോ. ശ്രീകൃഷ്ണ ഭട്ടും, മെഡിക്കല്‍ ഇമേജിങ്ങിന്റെ സാധ്യതകളെ കുറിച്ച് ജി.ഇ. ഗ്ലോബല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡോ. പ്രസാദ് സുധാകറും ക്ലാസെടുക്കും.
മൂന്നാം ദിവസം സിഗ്‌നല്‍ പ്രോസസിങ് രംഗത്തെ പ്രശസ്തനായ ഐ.ഐ.ടി ഭുവനേശ്വറിലെ ഡോ. ശബരിമല മണികണ്ഠന്‍ സിഗ്നല്‍ പ്രോസസിങിലെ പുത്തന്‍ ആശയങ്ങളെക്കുറിച്ച് കോണ്‍ഫറന്‍സില്‍ സംസാരിക്കും.
അതോടൊപ്പം ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിങ്, ഐ.ഒ.ടി ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ബി.ടെക്, എം.ടെക് വിദ്യാര്‍ഥികള്‍ 28നു കോളജില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍. 9846919509, 9526143678.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."