വിദ്യാര്‍ഥികളോട് വിവേചനം വേണ്ട ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതായി ബാലാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: സ്വകാര്യ ബസുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ കാത്തു നില്‍ക്കുമ്പോള്‍ ഫുള്‍ ടിക്കറ്റുള്ള യാത്രക്കാരെ മാത്രം കയറ്റി ബസ് മുന്നോട്ടെടുക്കാന്‍ നേരം മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ അവസരം നല്‍കുന്നത്. ഇത് തീര്‍ത്തും വിവേചനപരവും അപകടകരവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.
ബസില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ഇത്തരം വിവേചനം പാടില്ലെന്ന കമ്മിഷന്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ നീതിനിഷേധം നടക്കുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പരാതി സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആര്‍.ടി.ഒയോടും ജില്ലാ പൊലിസ് മേധാവിയോടും കമ്മിഷന്‍ ആവശ്യപ്പെട്ടു. മാതമംഗലം ഗവ.ഹൈസ്‌കൂളില്‍ അഞ്ചുവര്‍ഷമായി ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കാത്തതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
സാങ്കേതിക കാരണത്താല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്താനും ഹെഡ് മാസ്റ്റര്‍ക്ക് കഴിയുന്നില്ല. നിരവധി ഗോത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഗോത്രസാരഥി ഫണ്ട് കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഫണ്ടിന്റെ ലഭ്യത സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് പഠിക്കുന്ന സ്‌കൂളില്‍നിന്നും ടി.സി വാങ്ങിയ കമ്പളക്കാട് കൊഴിഞ്ഞമ്പാറ കോളനിയിലെ ഗോത്രവിദ്യാര്‍ഥിനിയെ സ്‌കൂളില്‍ സീറ്റില്ലെന്ന് പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അറിയിച്ചതായി കമ്മിഷനു മുന്‍പാകെ വിദ്യാര്‍ഥിനിയും കുടുംബവും പരാതി നല്‍കി. വിദ്യാര്‍ഥിനിയ്ക്ക് ഉടന്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ ജില്ലാ കലക്ടറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ ഗ്ലോറി ജോര്‍ജ്ജ്, ബാബു നരിക്കുനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ 14 പരാതികള്‍ പരിഗണിച്ചു. നാല് പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികളാണ് പുതുതായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."