വേനല്‍ച്ചൂട് കനക്കുന്നു: ചങ്ങനാശേരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ചങ്ങനാശ്ശേരി : വേനല്‍ചൂട് ശക്തമായതോടെ നഗരവുംപരിസരപ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. പ്രശ്പരിഹാരത്തിനായി പദ്ധതികള്‍ പലതും ആവിഷ്‌ക്കരിച്ചെങ്കിലും എല്ലാംപാതി വഴിയില്‍. ഇതിനെത്തുടര്‍ന്ന് നഗരത്തില്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലും കുടിവള്ള ക്ഷാമം തുടര്‍ക്കഥയായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശുദ്ധ ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ പ്രശ്‌നപരിഹാരത്തിനുള്ള ആദ്യ പടിയെന്ന നിലയില്‍ കുടിവെള്ളമെത്തിക്കാനുള്ള ക്വട്ടേഷനുകള്‍ നേരത്തെതന്നെ ക്ഷണിച്ചിരുന്നു. ഫെബ്രവരി 15ന്് തന്നെ ക്വട്ടേഷന്‍ തുറന്നു പരിശോധിക്കുകയും തുടര്‍ന്ന് കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശാനുസരണം കുടിവെളള വിതരണം നടത്താനും കഴിഞ്ഞിരുന്നു.
തുടര്‍ന്ന് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ റവന്യൂ ടവറില്‍ ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചു അവലോകനയോഗം നടത്തുകയും താലൂക്കിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ വേനല്‍ച്ചൂട് ആരംഭിച്ചപ്പോള്‍ തന്നെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി അവസാനിച്ചിട്ടും അതിനുള്ള ഒരു നടപടികളും ആരംഭിച്ചിട്ടുമില്ല.
തിരുവല്ലാ കറ്റോട്ട് ശുദ്ധജലപദ്ധതിയില്‍ നിന്നും വല്ലപ്പോഴുമൊരിക്കല്‍ എത്തുന്ന കുടിവെള്ളം മാത്രമാണ് നഗരത്തിലെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയം. എന്നാല്‍ ആറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ സാധാരണ നടത്തി വന്നിരുന്നതുപോലെയുള്ള പമ്പിങ് അവിടെ നടക്കുന്നുമില്ല. ഇതുകാരണമാണ് നഗരത്തില്‍ മാത്രമല്ല ഈ പദ്ധതിയെ ആശ്രയിക്കുന്ന സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമായത്. ചങ്ങനാശ്ശേരിയില്‍ പുതൂര്‍പ്പള്ളി, വാഴപ്പള്ളി, നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറെ ക്ഷമം അനുഭവപ്പെടുന്നത്. വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വക്കച്ചന്‍പടി, ആറ്റുവക്കേരി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം ആരംഭിച്ചിട്ടുണ്ട്. കടുത്ത വരള്‍ച കാരണം ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റു ജലസ്രോതസുകളും വറ്റി വരണ്ടു തുടങ്ങി.
പൈപ്പുകളിലൂടെയുള്ള ശുദ്ധജലം യഥാസമയങ്ങളില്‍ എത്താറില്ലെന്നു നാട്ടുകാര്‍ പറയുന്നു. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ പൂവം,നക്രാപുതുവല്‍ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം വ്യാപകമായിട്ടുണ്ട്.
ഇവിടെ വളരെ അകലെ നിന്നുപോലും കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. കുറിച്ചി,മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
ചങ്ങാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ വാലടി,ഈര,കൈനടി,പയറ്റുപാക്ക തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ തുകകൊടുത്ത് നാട്ടുകാര്‍ കുടിവെള്ളം വാങ്ങിത്തുടങ്ങി. എന്നാല്‍ ഇതിന്റെ പരിശുദ്ധിയെക്കുറിച്ച് നാട്ടുകാരില്‍ സംശയവും ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റു മാര്‍ഗമില്ലാത്തതുകാരണം ഇവ വാങ്ങിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നത്.
ഇതിനിടയില്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലേയും ജലസ്രോതസുകള്‍ വറ്റിവരളാനും ആരംഭിച്ചിട്ടുണ്ട്. അനധികൃതമായ മണ്ണെടുപ്പാണ് കിഴക്കന്‍ മേഖലകളില്‍ ജലസ്രോതസുകള്‍ വറ്റിവരളാന്‍ കാരണമായി പറയുന്നത്. എന്നാല്‍ മണ്ണെടുപ്പും യഥേഷ്ടം നടക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."