വൃദ്ധയെ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമൊരുക്കിയഹോംഗാര്‍ഡിനെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അപമാനിച്ചു
കാട്ടാക്കട: വൃദ്ധയെ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമൊരുക്കിയ ഹോംഗാര്‍ഡിന് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വക തെറി അഭിഷേകം. ഇതു സംബന്ധിച്ച് ഹോംഗാര്‍ഡ് നടരാജപിള്ള കാട്ടാക്കട പൊലിസില്‍ പരാതി നല്‍കി. കാട്ടാക്കട ജങ്ഷനില്‍ ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി കൊണ്ണിയൂര്‍ വഴി നെടുമങ്ങാട് പോകുന്ന ആര്‍ എ ഇ 791 നമ്പര്‍ വെള്ളനാട് ഡിപ്പോയിലെ ബസ് ഹോംഗാര്‍ഡ് കൈ കാണിച്ചു നിര്‍ത്തിച്ചു.എന്നാല്‍ കാല്‍നടയാത്രക്കാരിലെ അവസാനത്തെയാളായ ഒരു വൃദ്ധ റോഡ് മുറിച്ചു കടക്കുന്നതിനു മുന്‍പേ ബസ് മുന്നോട്ടെടുത്തു. വൃദ്ധയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിലായപ്പോള്‍ ഹോംഗാര്‍ഡ് ബസ് വീണ്ടും തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ പൊതു ജനമധ്യത്തില്‍ ഹോംഗാര്‍ഡിനെ അസഭ്യം പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടി എടുക്കണമെന്നും റോഡില്‍ നിര്‍ഭയം ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്നും പൊലിസിനു നല്‍കിയ പരാതിയില്‍ നടരാജപിള്ള പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."