ഇനി നീന്തല്‍ പഠിപ്പിക്കാനും ലൈസന്‍സ് വേണം
ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: എന്തിനും ഏതിനും ലൈസന്‍സ് ചോദിക്കുന്ന കേരളത്തില്‍ ഇനി നീന്തല്‍ പഠിപ്പിക്കാനും ലൈസന്‍സ് വേണം. സംസ്ഥാനത്തെ നീന്തല്‍ പരിശീലന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഉത്തരവ് നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ അധീനതയിലുള്ളതും അല്ലാത്തതുമായ നീന്തല്‍ പരിശീലന കേന്ദ്രങ്ങളും പൊതു നീന്തല്‍ കുളങ്ങളും ഇനിമുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലാവും പ്രവര്‍ത്തിക്കുക. ഇവക്ക് ലൈസന്‍സ് നല്‍കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കും. ഇതോടെ കൃത്യമായ യോഗ്യതയുള്ളവരെ മാത്രമേ നീന്തല്‍ പരിശീലനത്തിന് നിയോഗിക്കാനാവൂ.
തടാകങ്ങള്‍, നദികള്‍, കുളങ്ങള്‍ തുടങ്ങിയവയില്‍ നടത്തുന്ന നീന്തല്‍ പരിശീലനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് പ്രത്യേക ലൈസന്‍സ് എടുക്കേണ്ടത്.
ഇതിന്റെ മുന്നോടിയായി ലൈസന്‍സ് നല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും പരിശീലകരുടെ യോഗ്യതയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിശ്ചയിച്ച് പ്രസിദ്ധീകരിക്കും.
അഞ്ചുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുമാത്രമേ നീന്തല്‍ പരിശീലനം നല്‍കാവൂ. നീന്തല്‍ പരിശീലനത്തിന് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍മാരെ നിയമിക്കണം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരിശീലനം നല്‍കാന്‍ വിദഗ്ധരായ വനിതാ പരിശീലകരുടെ സേവനം ഉറപ്പാക്കണം. ലൈഫ് ഗാര്‍ഡുമാര്‍ക്ക് മെഗാഫോണ്‍, വിസില്‍ എന്നിവ ലഭ്യമാക്കണം. കൂടാതെ കുളത്തിന്റെ ആഴം, വീതി, നീളം, ജലാശയത്തിന്റെ സ്വഭാവം എന്നിവ വ്യക്തമാക്കുന്ന സൂചനാബോര്‍ഡുകള്‍, വഴിവിളക്കുകള്‍, സംരക്ഷണഭിത്തി എന്നിവ സ്ഥാപിക്കണം. 50 മീറ്റര്‍ നീളമുള്ള നീന്തല്‍കുളത്തില്‍ ഒരേ സമയം മൂന്നു ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍മാരും 25 മീറ്റര്‍ നീളമുള്ള കുളത്തില്‍ രണ്ട് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍മാരുമാണ് വേണ്ടത്. ഒന്നുമുതല്‍ 1.2 മീറ്റര്‍ വരെ ആഴമുള്ളയിടത്തേ നീന്തല്‍ പരിശീലനം നടത്താവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പരിശീലനം നടക്കുന്ന എല്ലാ നീന്തല്‍ കുളങ്ങളിലേക്കും ആംബുലന്‍സ് എത്തിച്ചേരുന്നതിനുള്ള റോഡ്് സൗകര്യം ഉറപ്പാക്കണം.
സാഹസിക നീന്തല്‍ മത്സരങ്ങള്‍ക്കും ഇനി മുതല്‍ കര്‍ശനമായ നിയന്ത്രണമുണ്ടാവും. മതിയായ സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ഗാര്‍ഡുകളുടെയോ സാങ്കേതികവിദഗ്ധരുടെയോ സാന്നിധ്യം ഇല്ലാതെ കടലിലും കായലിലും പുഴകളിലും കുളങ്ങളിലും സാഹസിക നീന്തല്‍ അനുവദിക്കുകയില്ല. ഇത്തരം പരിപാടികള്‍ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ജില്ലാ പൊലിസ് മേധാവിയുടെയും അഗ്നിശമന സേനയുടെയും അനുമതി വാങ്ങിയിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
നീന്തല്‍ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനാര്‍ഥികളെ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്ന് നോഡല്‍ ഏജന്‍സി ഉറപ്പുവരുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ നീന്തല്‍കുളങ്ങള്‍ക്ക് ഗ്രേഡ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ നോഡല്‍ ഏജന്‍സി ഗ്രേഡ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ കായിക യുവജനകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍, ജനപ്രതിനിധികളുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് എന്നിവയില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍ അനുമതിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."