മനം നിറഞ്ഞു മടക്കം: കലാകിരീടം ഹൊസ്ദുര്‍ഗിന്
തൃക്കരിപ്പൂര്‍: കലയുടെ പൂരത്തിനു തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൊടിയിറങ്ങി. തൃക്കരിപ്പൂരിലെ സംഘാടനത്തിന് എത്ര മാര്‍ക്ക് നല്‍കുമെന്നു ചോദിച്ചാല്‍ നൂറില്‍ നൂറ്റിയന്‍പതു നല്‍കാന്‍ കഴിയുമെങ്കില്‍ അതു നല്‍കുമെന്നാണു കലോത്സവത്തിനെത്തിയവരുടെ പക്ഷം.
തുടക്കത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മറികടന്നായിരുന്നു കലോത്സവം ജനകീയോത്സവമായി മാറിയത്. വിധി നിര്‍ണയത്തെ ചൊല്ലിയുള്ള പതിവു തര്‍ക്കങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സംഘാടന മികവിന്റെ അടയാളപ്പെടുത്തലുകള്‍ എല്ലായിടത്തും കാണാമായിരുന്നു. ഊട്ടുപുരയില്‍ രുചിയുടെ മേളം തന്നെയായിരുന്നു. എല്ലാ ദിവസവും പായസമടക്കമുള്ള സദ്യതന്നെയാണ് ഒരുക്കിയത്. റോളിങ് ട്രോഫികള്‍ എല്ലാം മാറ്റി വിജയികള്‍ക്കെല്ലാം പുതിയ ട്രോഫികള്‍ തന്നെ നല്‍കി എന്നതും ശ്രദ്ധേയമായി. തങ്ങളുടെ വീട്ടില്‍ വിരുന്നെത്തിയ വിശേഷാല്‍ ചടങ്ങു പോലെ ഏറ്റെടുത്തു നാട്ടുകാരും മേളയെ ജനകീയോത്സവമാക്കി. സമാപനയോഗം പി കരുണാകരന്‍ എംപി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി.
വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ഷാസിര്‍ ചന്തേര, രാജേഷ് രാഗാഞ്ജലി, സന്തോഷ് ചെറുകാനം, മാധവന്‍ നമ്പൂതിരി എന്നിവരെ നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണന്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ, ടി.എം സദാനന്ദന്‍, പി.വി കൃഷ്ണകുമാര്‍, എം.പി രാജേഷ്, കെ.വി ലക്ഷ്മണന്‍, യു മോഹനന്‍, കെ.എം സതി, വി.പി.പി അബ്ദുല്‍ റഹിമാന്‍, കെ.എസ് കേശവന്‍ നമ്പൂതിരി, കെ.എസ് കീര്‍ത്തിമോന്‍, കെ.ഡി മാത്യു, ഗംഗാധരന്‍ വെള്ളൂര്‍, ഡി.ഡി.ഇ സുരേഷ്‌കുമാര്‍, പി.വി ഭാസ്‌കരന്‍ സംസാരിച്ചു.
വെല്ലുവിളിയില്ലാത്ത വിജയത്തുടര്‍ച്ച
ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ആധിപത്യം ഹൊസ്ദുര്‍ഗ് ഉപജില്ല ഇക്കുറിയും നിലനിര്‍ത്തി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ചില ഇനങ്ങളുടെ ഫലം പുറത്തു വരാനിരിക്കെ 695 പോയിന്റുമായാണ് ഹൊസ്ദുര്‍ഗ് കിരീട നേട്ടം ഉറപ്പിച്ചത്. രണ്ടാംസ്ഥാനത്തിനായി ചെറുവത്തൂരും കാസര്‍കോടും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. ഒടുവില്‍ ചെറുവത്തൂര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
യു.പി വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ലയാണു ജേതാക്കള്‍. ഹൊസ്ദുര്‍ഗിനാണു രണ്ടാം സ്ഥാനം. സ്‌കൂള്‍ തലത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിനാണു യു.പി കിരീടം. 45 പോയിന്റാണ് ഇവര്‍ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവറിന് 30 പോയിന്റുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 88 പോയിന്റ് നേടി ചട്ടഞ്ചാല്‍ മുന്നിലെത്തിയപ്പോള്‍ കാഞ്ഞങ്ങാട് ദുര്‍ഗക്ക് 83 പോയിന്റുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദുര്‍ഗ 151 പോയിന്റ് നേടി ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള ചട്ടഞ്ചാലിന് 91 പോയിന്റാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ 80, ജി.എച്ച്.എസ് ഉദിനൂര്‍70, രാജാസ് നീലേശ്വരം എന്നീ സ്‌കൂളുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് തോമസ് തോമാപുരം77, ജി.എച്ച്.എസ്.എസ് പിലിക്കോട് 76, ജി.എച്ച്.എസ്.എസ് ചായ്യോത്ത്67 എന്നിവരും മികച്ച നേട്ടം ഉണ്ടാക്കി.
തിങ്ങി നിറഞ്ഞ സദസിനു മുന്നില്‍ മാപ്പിള കലകള്‍
വാനിലുയര്‍ന്നു മാപ്പിളകലകളുടെ ആവേശം. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകര്‍ എത്തിയതും മാപ്പിളകലകളുടെ ചാരുതയാര്‍ന്ന ദഫ് മുട്ടും കോല്‍ക്കളിയും ഒപ്പനയും കാണാന്‍. സമാപന ദിനത്തില്‍ വേദി രണ്ടിനു മുന്നില്‍ ആയിരങ്ങള്‍ നിറഞ്ഞപ്പോള്‍ മത്സരാര്‍ഥികളുടെ ആവേശം കൂടി.
കൈയടിച്ച് ഓരോ ടീമിനെയും ആസ്വാദകര്‍ പ്രോത്സാഹിപ്പിച്ചു. ആതിഥേയരായ തൃക്കരിപ്പൂരിനു ഇരട്ടവിജയത്തിന്റെ മധുരവുമുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി, വട്ടപ്പാട്ട് എന്നിവയില്‍ ഒന്നാം സ്ഥാനം ഇവര്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടില്‍ ജി.എച്ച്.എസ്.എസ് പിലിക്കോടും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ് കോട്ടപ്പുറവും ഒന്നാം സ്ഥാനം നേടി.
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറിക്കാണ് ഒന്നാം സ്ഥാനം. മൈലാഞ്ചി ചേലുമായി ഒപ്പന പാടി മൊഞ്ചത്തിമാര്‍ വേദിയില്‍ എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. എന്നാല്‍ രാവിലെയെത്തിയ ആസ്വാദകരില്‍ ഭൂരിപക്ഷവും ഒപ്പനയ്ക്കു ശേഷമാണ് മടങ്ങിയത്.
വരുമോ സംസ്ഥാന കലോത്സവം..?
57 വര്‍ഷത്തെ ചരിത്രമുണ്ട് സ്‌കൂള്‍ കലോത്സവത്തിന്. അതിനിടയില്‍ ഒരു തവണ മാത്രമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവം ജില്ലയിലേക്കു വിരുന്നു വന്നത്. 1991 ലായിരുന്നു അത്. വര്‍ഷങ്ങള്‍ 25 പിന്നിടുന്നു.
കണ്ണൂരില്‍ മൂന്നാം തവണയും കലയുത്സവം വിരുന്നെത്തുമ്പോള്‍ കാസര്‍കോടെ കലാസ്വാദകര്‍ക്കു കാത്തിരിപ്പും നിരാശയും മാത്രം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിങ്ങനെ സംസ്ഥാന കലോത്സവത്തിനു വേദിയൊരുക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. എന്നിട്ടും സംസ്ഥാന കലോത്സവത്തിന്റെ കാര്യം വരുമ്പോള്‍ കാസര്‍കോടിനു അയിത്തമെന്തെന്നതു ചോദ്യമായി തന്നെ നില്‍ക്കുന്നു.
വിധികര്‍ത്താക്കള്‍ക്കെതിരേ
കലിപ്പ് ....ഡാ
വിധികര്‍ത്താക്കള്‍ക്കെതിരേ കലിയടങ്ങാതെ മത്സരാര്‍ഥികളും രക്ഷിതാക്കളും പരിശീലകരും. നിരവധി മത്സര ഫലങ്ങള്‍ കലോത്സവ നഗരിയില്‍ സംഘര്‍ഷാവസ്ഥയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. എങ്ങനെ ഫലം പറഞ്ഞാലും കുഴപ്പം എന്നതായിരുന്നു സ്ഥിതി. കൂടിയിരുന്നുള്ള വിധി പ്രഖ്യാപനം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ മൂന്നു വിധികര്‍ത്താളുടെയും മാര്‍ക്കുകള്‍ ഒഫീഷ്യലുകളാണ് കൂട്ടിയത്. എന്നാല്‍ ഇതുകൊണ്ടും രക്ഷയുണ്ടായില്ല.
കുച്ചുപ്പുടി മത്സര ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൊവ്വാഴ്ച സംഘനൃത്ത ഫലപ്രഖ്യാപനവും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മത്സരം ഒന്നര മണിക്കൂര്‍ നിര്‍ത്തിവച്ച് ഒരു ടീമിനു മത്സരിക്കാന്‍ അവസരം നല്‍കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ഈ ടീമിന്റെ അവതരണം കഴിഞ്ഞു മിനിട്ടുകള്‍ക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്തിയതെങ്ങനെയെന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപ്പീലുകളുടെ എണ്ണം 117 ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 156ലെത്തി. വിധിനിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്നു ശക്തമായി വാദിച്ചവര്‍ക്കൊപ്പം, 2500 രൂപ അപ്പീല്‍ ഫീസ് നല്‍കി ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നവരും ഉണ്ട്. തൊട്ടടുത്ത് കണ്ണൂര്‍ ജില്ലയില്‍ കലോത്സവം നടക്കുമ്പോള്‍ ഒരവസരം കിട്ടിയാലോ എന്നതായിരുന്നു ഇവരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."