സത്യപ്രതിജ്ഞ ആഘോഷമാക്കി ജില്ലയിലെ ഇടതു പ്രവര്‍ത്തകര്‍
കോഴിക്കോട്: തിരുവനന്തപുരത്തു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ജില്ലയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആഘോഷമാക്കിമാറ്റി. പിണറായി മന്ത്രിസഭയില്‍ ജില്ലയില്‍ നിന്നു രണ്ടു മന്ത്രിമാരുള്ളതും ഗതാഗത, തൊഴില്‍, എക്സൈസ് വകുപ്പുകള്‍ ലഭിച്ചതും പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി.
ഇന്നലെ രാവിലെ മുതല്‍ തന്നെ പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ കയറിയിറങ്ങിയും മധുരവിതരണം നടത്തി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. 4.10ഓടെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തതോടെ മിക്കയിടങ്ങളിലും പടക്കങ്ങള്‍ പൊട്ടിച്ചും കരിമരുന്ന് പ്രയോഗം നടത്തിയും ആഘോഷപ്രകടനങ്ങള്‍ തെരുവിലേക്കു നീങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അതേ ആവേശത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ നിമിഷവും കൊണ്ടാടിയത്.
കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ച വാഹനങ്ങളില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തെരുവില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദനൃത്തം ചവിട്ടി. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പ്രാദേശികമായും ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. ചടങ്ങ് കാണുന്നതിനായി മിക്കയിടങ്ങളിലും കവലകളില്‍ പ്രത്യേകം സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു.
കോഴിക്കോട് നഗരത്തില്‍ പാളയം കേന്ദ്രീകരിച്ച് ഇടതു തൊളിലാളി യൂനിയന്റെ നേതൃത്വത്തില്‍ പ്രകടനവും പായസവിതരണവും നടന്നു. സത്യപ്രതിജ്ഞ ചെയ്യാന്‍ ടി.പി രാമകൃഷ്ണന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പേരാമ്പ്രയിലെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിമര്‍പ്പിലായിരുന്നു.
പേരാമ്പ്രയില്‍ നിന്നും എ.കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ ചടങ്ങ് വീക്ഷിക്കുന്നതിനായി തലസ്ഥാനത്തെത്തിയിരുന്നു. ഭരണ ചുമതലയേറ്റ ശേഷം മണ്ഡലത്തില്‍ മടങ്ങിയെത്തുന്ന മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉജ്ജ്വല സ്വീകരണം നല്‍കാനൊരുങ്ങുകയാണു ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."