പാചക വാതകം: ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നില്ലെന്ന പരാതി വ്യാപകം
കോഴിക്കോട്: പാചക വാതകവിതരണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നില്ലെന്ന പരാതി വ്യാപകം. കമ്പനി നല്‍കുന്ന ബില്ലിനേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍ നിന്നും വിതരണക്കാര്‍ ഈടാക്കുന്നതിനാലാണ് ബില്ല് നല്‍കാതിരിക്കുന്നതെന്നാണ് വ്യാപകമായ പരാതി.
സാധാരണനിലയില്‍ ഗ്യാസിന് നല്‍കേണ്ട തുകയ്ക്ക് പുറമേ ദൂരസ്ഥലങ്ങളില്‍ ഗ്യാസ് എത്തിക്കുമ്പോഴുള്ള സര്‍വിസ് ചാര്‍ജും വാങ്ങുന്നുണ്ട്. വിതരണ കേന്ദ്രത്തിന് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഇന്ധന വിലമാത്രമേ ഈടാക്കാവൂ എന്നാണ് നിയമം.
അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ വരെ 21 രൂപയും പത്തു മുതല്‍ 15 വരെ 30 രൂപയും 15 കിലോമീറ്ററിന് മുകളില്‍ 30 രൂപയും അധിക ഓരോ കിലോമീറ്ററിനും രണ്ടേകാല്‍ രൂപയുമാണ് സര്‍വിസ് ചാര്‍ജ് ഈടാക്കാവുന്നത്. എന്നാല്‍ പലപ്പോഴും ഈ ചാര്‍ജിനും പുറമേയാണ് അനധികൃതമായി ഉപഭോക്താക്കളെ പിഴിയുന്നത്. ഗ്യാസ് വിതരണക്കാരോട് പലരും ബില്ല് ചോദിക്കാത്തതും തട്ടിപ്പിന് കാരണമാവുന്നതായി പറയപ്പെടുന്നു. സംസ്ഥാനത്തെ പ്രമുഖ പാചക വാതക വിതരണക്കാരായ ഭാരത് ഗ്യാസിന്റെ ഏജന്റുമാരെക്കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. ബില്ല് ചോദിക്കുന്നവരോട് എന്തെങ്കിലും ഒഴിവുകഴിവുപറയുകയാണ് സാധാരണ രീതി. നിര്‍ബന്ധം പിടിക്കുമ്പോള്‍ വാങ്ങിച്ച കാശിനേക്കാള്‍ കുറഞ്ഞ തുകയ്ക്കുള്ള ബില്ലാണ് നല്‍കുന്നതെന്നും പരാതിയുണ്ട്. വിതരണക്കാര്‍ ബില്‍ ബുക്ക് വാഹനത്തില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും അവ മുറിച്ച് നല്‍കുന്നില്ല.
പാചക വാതക കമ്പനികളുമായി ബന്ധപ്പെട്ടാല്‍ ബില്ല് ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും അതില്‍ പറഞ്ഞ തുകയേ നല്‍കേണ്ടതുള്ളൂവെന്നുമാണ് ലഭിക്കുന്ന മറുപടി. ഓരോ ഗ്യാസ് സിലിണ്ടറിനും പത്തു മുതല്‍ മുപ്പതു രൂപവരെയാണ് അധികമായി ഈടാക്കുന്നത്.
ഭാരത് ഗ്യാസ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ നല്‍കാന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1800224344 ആണ് നമ്പര്‍. ഉപഭോക്താക്കള്‍ക്ക് അതത് താലൂക്ക് ജില്ലാ സപ്ലൈ ഓഫിസര്‍ക്കും പരാതി നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."