കലോത്സവ വേദികള്‍ക്ക് തമിഴ്‌നാടിന്റെ തണല്‍
കണ്ണൂര്‍: കേരവൃക്ഷങ്ങളാല്‍ സമൃദ്ധമായ കേരളത്തില്‍ പന്തലൊരുക്കണമെങ്കില്‍ തെങ്ങോല തമിഴ്‌നാട്ടില്‍ നിന്നെത്തണം.
കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പന്തലൊരുക്കുന്നത് തമിഴ്‌നാട്ടിലെ സേലത്തുനിന്ന് എത്തിച്ച തെങ്ങോലകളും കവുങ്ങും കൊണ്ട്.
വലിയ വില കൊടുത്താലും കേരളത്തില്‍ ആവശ്യത്തിന് തെങ്ങോല കിട്ടാതായതോടെയാണ് തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവന്നത്.
പൊലിസ് മൈതാനിയിലെ പ്രധാനവേദിയായ 'നിള ' യിലെ 35,000 ചതുരശ്ര അടി വരുന്ന ആറുനില പന്തലൊരുക്കാന്‍ മാത്രം 25,000 ത്തോളം ഓല വേണം.
കൂടാതെ ജവഹര്‍ സ്റ്റേഡിയത്തിലെ 3,600 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയടക്കമുള്ള മറ്റ് പന്തലുകളുടെ നിര്‍മാണത്തിന് 50,000ത്തിനടുത്ത് ഓല കൂടി വേണം. ഇത്രയും മെടഞ്ഞ ഓലകള്‍ക്കായി കേരളത്തില്‍ വ്യാപകമായി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ തവണ മലപ്പുറത്തുനിന്ന് ലഭിച്ച ഓലകള്‍കൊണ്ട് പന്തലൊരുക്കാനായെങ്കിലും ഇക്കുറി ഗ്രീന്‍ പ്രൊട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ എല്ലാ വേദികളിലും മെടഞ്ഞ ഓല തന്നെ വേണമായിരുന്നു. വേദികളുടെ നിര്‍മാണത്തിന് ആവശ്യമായ കവുങ്ങുകളും തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."