സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കടിഞ്ഞാണിടണം
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നല്ലനിലയില്‍ നടത്തപ്പെടുന്ന എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റുകളും അപമാനിതരായിരിക്കുകയാണ്. ചില കോളജുകളില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കാനും മര്‍ദനമേല്‍പ്പിക്കാനും ഇടിമുറികള്‍വരെയുണ്ടെന്ന ആരോപണം ഉല്‍കണ്ഠയുളവാക്കുന്നു. ഭൂമിക്കച്ചവടക്കാരും വണ്ടിക്കച്ചവടക്കാരും സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തു വന്നതിനു ശേഷമാണ് ഇത്തരമൊരു ദുരവസ്ഥ ഈ മേഖലയിലുണ്ടായത്.
യു.ഡി.എഫും ഇടതുപക്ഷവും സ്വാശ്രയമാനേജ്‌മെന്റുകളെ ആദ്യം മുതല്‍ നിയന്ത്രിച്ചില്ല. അതിന്റെ അനന്തരഫലമാണ് ഇതൊക്കെയും. ലാഭത്തില്‍ മാത്രം നോട്ടമിടുന്ന കച്ചവടക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമകളാകുമ്പോള്‍ അവിടം മാനുഷികതയും മാനവികതയും പരിഗണനാര്‍ഹമായ വിഷയമാകുന്നില്ല.
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ആത്മഹത്യയിലേക്കു നയിച്ചത് മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടായ പീഡനമുറകളെ തുടര്‍ന്നാണെന്നാണ് ആരോപണം. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ജിഷ്ണു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഉത്തരവായിട്ടുണ്ട്.
ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസികപീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നു കോളജിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും തറപ്പിച്ചുപറയുമ്പോള്‍ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു കോപ്പിയടിച്ചാണു പരീക്ഷയെഴുതിയതെന്നും ഇതിനെത്തുടര്‍ന്ന് മാനേജ്‌മെന്റ് 'ഉപദേശിച്ചതില്‍' മനംനൊന്തു ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണു മാനേജ്‌മെന്റ് വിശദീകരണം.
മികച്ച മാര്‍ക്കു വാങ്ങി പ്ലസ്ടു പാസായ ജിഷ്ണുവിനു കോപ്പിയടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നു രക്ഷിതാക്കളും സഹപാഠികളും പറയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി ഒരു പരാതിയും കിട്ടിയിട്ടില്ലെന്നു സാങ്കേതികസര്‍വകലാശാലയും വെളിപ്പെടുത്തിയിരിക്കുകയാണ്. കോപ്പിയടി നടന്നാല്‍ ഉടന്‍ സര്‍വകലാശാലയിലേക്കു ഫോണില്‍ അറിയിക്കുകയും പിന്നീടു രേഖാമൂലം അറിയിക്കുകയും വേണം. ഇതൊന്നും കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനാല്‍ കോപ്പിയടി നടന്നുവെന്ന ആരോപണം വിശ്വസിക്കാനാവില്ല.
ജിഷ്ണുവിന്റേതു കൊലപാതകമാണെന്നാരോപിച്ചു വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതിയിട്ടുണ്ട്. മൃതശരീരത്തില്‍ കണ്ട പാടുകള്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നാണെന്നാണു വിദ്യാര്‍ഥികളുടെ പക്ഷം. മൂക്കിന്റെ വലതുഭാഗത്തു മര്‍ദനമേറ്റു രക്തം കല്ലിച്ചതിന്റെയും ഉള്ളംകാലിലും പുറത്തും മര്‍ദനമേറ്റതിന്റെയും പാടുകള്‍ ഉണ്ടായിരുന്നുവെന്നത് വിദ്യാര്‍ഥികളുടെ പരാതി ശരിവയ്ക്കുന്നു. തന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായെന്നു വിലപിക്കുന്ന ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് കോളജ് പരിസരത്തുനിന്നു പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ഇങ്ങനെയൊക്കെ സംഭവിച്ച പശ്ചാതലത്തില്‍ ഇത്തരം മാനേജ്‌മെന്റുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം അനിവാര്യമായിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരിശോധിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജിഷ്ണുവിനുണ്ടായ ദുര്യോഗം ഇനി മറ്റൊരു വിദ്യാര്‍ഥിക്കും ഉണ്ടാകരുത്. കഴിഞ്ഞദിവസം സ്വാശ്രയ എന്‍ജിനിയറിങ് കോളജുകള്‍ മാനേജ്‌മെന്റുകള്‍ പ്രതിഷേധസൂചകമായി അടച്ചിട്ടിരുന്നു. ഇതത്ര ഗൗനിക്കപ്പെടേണ്ട വിഷയമല്ല.
വിദ്യാര്‍ഥികളില്‍നിന്നു തെളിവെടുക്കുമ്പോള്‍ ഭാവിയില്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന നടപടികള്‍ കോളജ് അധികൃതരില്‍നിന്ന് ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, വിദ്യാര്‍ഥികള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ സ്വാശ്രയകോളജുകളില്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കുമെന്ന സാങ്കേതികസര്‍വകലാശാലാ തീരുമാനവും പീഡകരായ സ്വാശ്രയമാനേജ്‌മെന്റുകള്‍ക്കു കടിഞ്ഞാണായി മാറണം.
ഭാവിയില്‍ ഒരൊറ്റ വിദ്യാര്‍ഥിയും മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടാകുന്ന പീഡനത്തെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. ഒരുപാടു സ്വപ്നങ്ങളുമായാണു വിദ്യാര്‍ഥികള്‍ ഇത്തരം സ്ഥാപനങ്ങളിലെത്തുന്നത്. അവരുടെ പ്രതീക്ഷകളെ തല്ലിക്കൊഴിക്കുന്ന പീഡനകേന്ദ്രങ്ങളാകരുത് സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."