തന്റെ മൊഴിയെടുക്കുമ്പോള്‍ ഹേമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നതായി ഉമ്മന്‍ചാണ്ടി
കൊച്ചി:സോളാര്‍ തട്ടിപ്പ് കേസ് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പ്രസന്നന്‍നായര്‍ തന്റെ മൊഴിയെടുത്തപ്പോള്‍ അന്വേഷണസംഘം തലവന്‍ ഡി.ജിപി എ.ഹേമചന്ദ്രന്‍ ഇടയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. ഇന്നലെ നടന്ന ക്രോസ് വിസ്താരത്തില്‍ താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്ന ഉമ്മന്‍ചാണ്ടി മൊഴിയെടുക്കല്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മറുപടിനല്‍കാന്‍ ശ്രമിച്ചെങ്കിലും സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി.ശിവരാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി അഡ്വ. ബി.രാജേന്ദ്രനാണ് അന്നത്തെ എ.ഡി.ജി.പി ഹേമചന്ദ്രന്‍ എന്തെങ്കിലും ചോദിച്ചുമനസിലാക്കിയിരുന്നോ എന്ന് ആരാഞ്ഞത്.
വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ രണ്ടുതവണയും എ.ഹേമചന്ദ്രന്റെ സാന്നിധ്യത്തിലാണ് തന്റെ മൊഴിയെടുത്തതെന്ന് മാത്രം ഉമ്മന്‍ചാണ്ടി പറഞ്ഞത് ലോയേഴ്‌സ് യൂനിയന്‍ അഭിഭാഷകനും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനുമായി നേരിയതോതില്‍ വാക്കേറ്റമുണ്ടാക്കി.
ഡിവൈ.എസ്.പി പ്രസന്നന്‍നായര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കാന്‍ കൂടെപോയതെന്നും താന്‍ ചോദ്യവലി തയാറാക്കിയിരുന്നില്ലെന്നും ഡി.ജി.പി കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു.എന്നാല്‍ ഇതിനുവിരുദ്ധമാണ് ഉമ്മന്‍ചാണ്ടി ഇന്നലെ ക്രോസ് വിസ്താരത്തിനിടെ വെളിപ്പെടുത്തിയത്. ടീം സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ടു ലക്ഷം രൂപയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നല്‍കിയ അക്‌നോളഡ്ജ്‌മെന്റില്‍ താന്‍ ഒപ്പിട്ടുനല്‍കിയതിനെ പറ്റിയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
500 ഒപ്പെങ്കിലും ഒരു ദിവസം ഇടാറുണ്ട്. തന്റെ ഓഫിസ് സ്റ്റാഫില്‍ വിശ്വാസമര്‍പ്പിച്ച് വായിച്ചുനോക്കാതെയാണ് താന്‍ ഇപ്രകാരം ഒപ്പുകളിട്ടുനല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് ആവശ്യപ്പെട്ടതനുസരിച്ച് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഒരുവലിയ ബിസിനസുകാരന്‍ കുടുംബപ്രശ്‌നം പറയാന്‍ വന്ന് കാണുമെന്നായിരുന്നു ഷാനവാസ് അറിയിച്ചിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."