ജെല്ലിക്കെട്ട്: നിരോധനം നീക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷത്തിന് മുമ്പായി ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രിം കോടതി തള്ളി.
ശനിയാഴ്ചയ്ക്കുമുന്പാകെ ഹരജിയില്‍ തീര്‍പ്പാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തമിഴ് സംസ്കാരത്തിന്റെ ഭാഗമായുള്ളതാണ് ജെല്ലിക്കെട്ടെന്നും ഇത് നടത്തുന്നതിനുള്ള വിലക്ക് നീക്കണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. എന്നാല്‍ മൃഗദ്രോഹം ചൂണ്ടിക്കാട്ടി 2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ചിരുന്നത്.
നിരോധനം നീക്കണമെന്ന കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് സുപ്രിം കോടതിയില്‍ കേസ് വേഗം പരിഗണിക്കണമെന്ന ആവശ്യം എത്തിയത്.
പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹരജി കോടതി തള്ളിയത്. വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന് ആര്‍ക്കും ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.
അതേസമയം സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് കഡലൂരില്‍ ജെല്ലിക്കെട്ട് നടത്തുമെന്നറിയിച്ച് ബാനര്‍ ഉയര്‍ത്തിയ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."