അര്‍ധസൈനിക വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പരാതി
ആഗ്ര: സൈന്യത്തിലെ അവഗണനയുടെ കഥയുമായി വീണ്ടും പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. മൗണ്ട് ആബുവില്‍ സുരക്ഷാ ചുമതലയിലുള്ള 26കാരന്‍ സി.ആര്‍.പി.എഫ് ജവാനാണു മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ അര്‍ധസൈന്യത്തെ അവഗണിക്കുന്നുവെന്നു പറഞ്ഞു പുതിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മഥുരയിലെ സോങ്കുകാരനായ ജീത് സിങ്ങാണു സൈന്യത്തിലെ പുതിയ അവഗണനക്കഥയുമായി സോഷ്യല്‍ മീഡിയവഴി വിഡിയോ പുറത്തുവിട്ടത്. ഇന്ത്യന്‍ സായുധ സൈന്യത്തിനു നല്‍കുന്നതു പോലെത്തന്നെ അര്‍ധസൈനിക വിഭാഗത്തിനും തുല്യമായ സൗകര്യങ്ങളും പരിഗണനയും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാഷ്ട്രത്തോടും വിഡിയോയില്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ്, ഗ്രാമപഞ്ചായത്ത്, വി.ഐ.പി സുരക്ഷ, പാര്‍ലമെന്റ് ഹൗസ്, വിമാനത്താവളം, ക്ഷേത്രം, പള്ളി എന്നിവയുമായൊക്കെ ബന്ധപ്പെട്ടു യാതൊരു വിവേചനവുമില്ലാതെ എല്ലാ ജോലികളും ഞങ്ങള്‍ ചെയ്യുന്നു.
എന്നാല്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കു നല്‍കുന്ന സൗകര്യങ്ങള്‍ സായുധ സൈന്യത്തെ അപേക്ഷിച്ചു മോശം നിലവാരത്തിലുള്ളതാണ്. സര്‍ക്കാര്‍ കോളജുകളിലെ അധ്യാപകര്‍ എല്ലാ ഫെസ്റ്റിവല്‍ അവധികളോടുമൊപ്പം 50,000 മുതല്‍ 60,000 വരെ ശമ്പളം വാങ്ങുമ്പോള്‍ ചത്തിസ്ഗഢും ജാര്‍ഖണ്ഡും പോലുള്ള വനാന്തരങ്ങളില്‍ ജോലിയിലുള്ള സി.ആര്‍.പി.എഫുകാര്‍ക്ക് യാതൊരു സൗകര്യവും ലഭിക്കാത്ത സ്ഥിതിയാണ്--വിഡിയോയില്‍ പറയുന്നു.
പ്രധാന സൈനികരൊക്കെ പെന്‍ഷന്‍ വാങ്ങുമ്പോള്‍ 20 വര്‍ഷത്തെ സേവനത്തിനു ശേഷവും അര്‍ധസൈനികര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നില്ലെന്നും ജീത് സിങ് കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്വാട്ടയോ ആരോഗ്യ പരിരക്ഷയോ ഒന്നും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഞങ്ങള്‍ക്ക് കാന്റീന്‍ സൗകര്യമില്ല, മെഡിക്കല്‍ സൗകര്യങ്ങളില്ല. അവധിദിവസങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല.
എപ്പോഴും പരമാവധിക്കും അപ്പുറത്തുള്ള ഡ്യൂട്ടിയാണ് ഞങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്-മോദിയെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ട് സിങ് കുറ്റപ്പെടുത്തി.
2012 മാര്‍ച്ചിലാണ് ജീത് സിങ് സി.ആര്‍.പി.എഫില്‍ ചേരുന്നത്. നേരത്തെ മണിപ്പൂരിലായിരുന്നു നിയമനം ലഭിച്ചത്. സൈനിക സേവനത്തിലിരിക്കെ ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് ജീത് പലപ്പോഴും പരാതി പറയാറുണ്ടെന്ന് ജീതിന്റെ സഹോദരന്‍ സത്യപാല്‍ സിങ് പറഞ്ഞു.
സൈന്യത്തില്‍ ലഭിക്കുന്ന ഭക്ഷണം മോശമാണെന്നും പലപ്പോഴും പട്ടിണി കിടക്കാറാണെന്നും പറഞ്ഞ് ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹാദുര്‍ സിങ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് ദിവസങ്ങള്‍ക്കു മുന്‍പ് വൈറലാകുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു. നോട്ടുനിരോധന സമയത്ത് സൈന്യത്തിന്റെ ത്യാഗം പറഞ്ഞായിരുന്നു ബി.ജെ.പി നേതാക്കളടക്കം ജനങ്ങളുടെ പരാതിയെ പ്രതിരോധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."