മണിപ്പൂര്‍ തെരഞ്ഞെടുപ്പ് രംഗത്ത് ചൂടേറുന്നു
ഇംഫാല്‍: നാഗാ തീവ്രവാദികള്‍ പ്രഖ്യാപിച്ച ബന്ദ് തുടരുന്നതും ഇതിനെതിരായ സംഘര്‍ഷവുമെല്ലാം മണിപ്പൂരിന്റെ രാഷ്ട്രീയ രംഗം കലുഷിതമാക്കി. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് കനത്തു. ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തിയതോടെ സംസ്ഥാനത്ത് പുതിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ഒക്രം ഇബോബി സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണി രൂപീകരിച്ചതും മണിപ്പൂരിനെ വ്യത്യസ്തമാക്കുകയാണ്.
2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റില്‍ 42 എണ്ണവും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ് അവര്‍.
സൈന്യത്തിനുള്ള പ്രത്യേക അവകാശനിയമ(അഫ്‌സ്പാ)ത്തിനെതിരേ 16 വര്‍ഷം നിരാഹാരസമരം നടത്തിയ ഇറോം ശര്‍മിളയുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് (പി.ആര്‍.ജെ.എ) എന്ന പാര്‍ട്ടിയ്ക്ക് ചെലുത്താനാകുന്ന സ്വാധീനം നിര്‍ണായകമാണ്. അഴിമതിക്കും അനീതിക്കും എതിരായ പോരാട്ടമാണ് ലക്ഷ്യമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിപദവിതന്നെയാണ് തന്റെ ഉന്നമെന്നും അവര്‍ വ്യക്തമാക്കുന്നു.
യുനൈറ്റഡ് നാഗാ കൗണ്‍സില്‍ നവംബര്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം ജനജീവിതം ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്. നിത്യോപയോഗസാധനങ്ങള്‍ ലഭിക്കുന്നില്ല. രണ്ടുമാസം പിന്നിട്ട ഉപരോധം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന- കേന്ദ്ര ഭരണകക്ഷികള്‍ ഒരേപോലെ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് നാഗാ കൗണ്‍സില്‍ പറയുന്നത്. പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാറിനെതിരേ പ്രതിപക്ഷം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്. മാര്‍ച്ച് നാലിനും എട്ടിനുമാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."