ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന് കരള്‍ നല്‍കി നഴ്‌സിന്റെ മാതൃക
ജിദ്ദ: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന് കരള്‍ പകുത്തു നല്‍കി സഊദിയിലെ നഴ്‌സ് മാതൃകയായി. നന്മയുടെ പ്രതീകമായ ഇവരെ സഊദി ആരോഗ്യമന്ത്രാലയം ആദരിച്ചു. ബശായിര്‍ അല്‍ റഷീദി എന്ന പെണ്‍കുട്ടിയാണ് ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലെത്തിയത്.
ആബിര്‍ അല്‍ അന്‍സി(20) എന്ന സഊദി നഴ്‌സാണ് കരള്‍ നല്‍കിയത്. മുന്‍ പരിചയമില്ലാത്ത കുഞ്ഞിന് ആരെങ്കിലും കരള്‍ നല്‍കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്ന് ബശായിറിന്റെ മാതാപിതാക്കള്‍ പലവഴിക്കും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒടുവില്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. സഹതാപം അറിയിച്ചുകൊണ്ട് നിരവധി മറുപടികള്‍ വന്നു. എന്നാല്‍ കരള്‍ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.
ഇതിനിടെ അപ്രതീക്ഷിതമായാണ് അന്‍സിയുടെ ഫോണ്‍ സന്ദേശമെത്തിയത്. മകളുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അന്‍സിയുടെ രക്ഷിതാക്കള്‍ക്കും മറുത്തൊന്നും പറയാനായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ആബിറിന്റെ കരള്‍ ബശായിറിന് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ കഴിഞ്ഞ മാസം ഇരുപതിന് ശസ്ത്രക്രിയ നടന്നു. ആബിറിന്റെ കരളിന്റെ ഒരു ഭാഗം പകുത്തുവച്ചു. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു.
ആശുപത്രിയില്‍ നിന്ന് അല്‍ജൗഫിലെ വീട്ടിലെത്തിയ ആബിര്‍ അല്‍ അന്‍സിയെ തേടി നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണുള്ളത്. ആബിറിന്റെ നല്ല മനസ്സിനെ സഊദി ആരോഗ്യമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നടപടി മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."