കഞ്ചാവ് മാഫിയയുടെ ആക്രമണം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരുക്ക്
പേരാമ്പ്ര: ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തുകളിലെ കഞ്ചാവ് മാഫിയക്കെതിരേ പ്രതികരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് നേരെ അക്രമം. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ നീട്ടുപാറ രൂപേഷിനെയാണ്(31) സാമൂഹ്യ വിരുദ്ധര്‍ അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ലാസ്റ്റ് പന്തിരിക്കരയില്‍വച്ചാണ് മര്‍ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഇയാള്‍ക്ക് നേരെ അക്രമമുണ്ടായത്.
അടി കിട്ടി കണ്ണ് കലങ്ങിയിട്ടുണ്ട്. കൈ വിരലിനും പരുക്കേറ്റു. രൂപേഷിനെ പേരാമ്പ്ര താലൂക്കു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18ഉം, 20ഉം വയസുള്ള ഇരുപതോളം ചെറുപ്പക്കാരുടെ സംഘമാണ് സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. കൊത്തിയ പാറ മേഖല തികച്ചും വിജനമായ പാറക്കെട്ട് മേഖലയാണ്. സാമൂഹ്യ വിരുദ്ധര്‍ രാത്രിയായാല്‍ ഇവിടെ താവളമടിക്കുകയാണ്.
കഞ്ചാവും മറ്റു ലഹരി വസ്തുക്കളുടെയും വില്‍പനയും ഉപയോഗവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. പൊലിസില്‍ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എക്‌സൈസ് വകുപ്പും തിരിഞ്ഞു നോക്കുന്നില്ല. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെങ്കില്‍ ജനങ്ങളുടെ സഹായവും സഹകരണവും അനിവാര്യമാണന്നാണ് നിയമ പാലകര്‍ പറയുന്നത്.
പന്തിരിക്കര കേന്ദ്രീകരിച്ച് മുന്‍പ് വിലസിയിരുന്ന ഒരു സംഘത്തില്‍ പെട്ടവരാണ് ഇപ്പോള്‍ യുവാക്കളെ വഴി തെറ്റിക്കുന്നതെന്ന് ഇതിനെ എതിര്‍ക്കുന്ന വിഭാഗം ആരോപിക്കുന്നു.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലക്ക് കൊത്തിയ പാറയില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. രൂപേഷിനെ അക്രമിച്ച സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."