പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് സന്ദര്‍ശിച്ചു
പേരാമ്പ്ര: ചേര്മല സാംബവ കോളനിയുടെ ശോച്യാവസ്ഥ നേരില്‍ കണ്ട് മനസിലാക്കാനും കോളനിവാസികളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാര നടപടികളെകുറിച്ച് ചര്‍ച്ച ചെയ്യാനുമായി സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ കോളനി സന്ദര്‍ശിച്ചു.
കോളനിയിലേക്കുള്ള വഴി, കുടിവെള്ള സംവിധാനത്തിന്റെ അഭാവം, ചോര്‍ന്നൊലിക്കുന്ന വീട്, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, ജോലിയില്ലാത്ത സാഹചര്യം ഉള്‍പ്പെടെ കോളനിവാസികള്‍ പരാതിയുടെ കെട്ടഴിച്ചു. കോളനിയുടെ ശോച്യാവസ്ഥ മനസിലാക്കിയ ചെയര്മാന് അടിയന്തിര നടപടികളെ കുറിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന വെല്‍ഫയര്‍ സ്കൂളിന്റെ അവസ്ഥയും ചെയര്മാന് നേരില്‍ മനസിലാക്കി. കോളനിയില്‍ തൊഴില്‍ നൈപുണി വികസന കേന്ദ്രം സ്ഥാപിച്ച് തൊഴില്‍ സാധ്യത കണ്ടെത്തണമെന്നും വെല്‍ഫയര്‍ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി റെസിഡന്‍ഷ്യല്‍ സ്കൂളായി ഉയര്‍ത്തണമെന്നും ചെയര്മാന് ശുപാര്‍ശ ചെയ്തു. കോളനിയിലെ ദൈനംദിന വിഷയങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്ദ്ദേശമറിയിച്ചു.
അഡ്വ: കെ.കെ മനോജ്, അസി. രജിസ്ട്രാര്‍ വി.എ സ്റ്റീഫന്‍, ഡി.ഇ.ഒ സദാനന്ദന്, എ.ഇ.ഒ സുനില്‍കുമാര്‍, ജില്ലാ പട്ടികജാതി, വികസന ഓഫിസര്‍ എ.കെ രഘുനാഥ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അനീഷ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ സാബു വര്‍ഗീസ്, , ഡി.ഡി.ഇ എന്‍.ശ്രീജ, സാമൂഹ്യക്ഷേമ ഓഫിസര്‍ ടി.പി സാറാമ്മ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ടി.സുബീഷ് എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."