കൃഷി പാഠത്തിലും വിദ്യാര്‍ഥികളുടെ വിജയഗാഥ
മാള: പാഠ്യ വിഷയത്തിനൊപ്പം കൃഷി പാഠത്തിലും നൂറുമേനിയുമായി വിദ്യാര്‍ഥികളുടെ വിജയഗാഥ ശ്രദ്ധേയമാകുന്നു. മാളയ്ക്കടുത്ത് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തെക്കന്‍ താണിശേരി സെന്റ് സേവിയേഴ്‌സ് എല്‍.പി.സ്‌കൂളാണ് കൃഷി പാഠത്തിലൂടെ വേറിട്ടതാകുന്നത്.
കഴിക്കുന്ന ഭക്ഷണം വിഷരഹിതമാകണമെന്ന ചിന്തയിലാണ് തെക്കന്‍ താണിശേരി സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ച് എതാനും വര്‍ഷമായി പച്ചക്കറി കൃഷി തുടങ്ങിയത്. വിത്തിട്ട് വെള്ളവും ജൈവവളവും നല്‍കി തൈകളെ പരിചരിച്ച് മികച്ച വിളവെടുത്തപ്പോള്‍ ഓരോ കുട്ടിക്കര്‍ഷകരുടേയും മനസില്‍ നിന്നുള്ള സന്തോഷം ഏറെയായിരുന്നു. കൃഷി വകുപ്പിന്റെയും പഴം, പച്ചക്കറി പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നിര്‍ദേശം അനുസരിച്ചാണ് കൃഷി ചെയ്തത്.
ഇന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ധൈര്യമായി വിഷരഹിത പച്ചക്കറികള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിക്കാനാകും. ശീതകാല പച്ചക്കറികളായ കാബേജ്, ക്വാളിഫ്‌ളവര്‍ എന്നിവ ഈ മാസം അവസാനം വിളവെടുക്കാവുന്ന വളര്‍ച്ചയിലാണ്. കൂടാതെ പാവയ്ക്ക, ചീര, പടവലം, പയര്‍, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന തുടങ്ങിയ നിരവധി ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. ശീതകാല പച്ചക്കറികള്‍ ഒഴികെയുള്ളവ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. എല്ലാ വര്‍ഷവും രണ്ട് തവണയായാണ് കൃഷിയിറക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഉപജില്ലയിലെ മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ പി.യു.വിത്സണ്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 25 പേരടങ്ങിയ കാര്‍ഷിക ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനമാണ് വ്യാപകമായി കൃഷി ചെയ്യാന്‍ സജ്ജമായിട്ടുള്ളത്. കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരി നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ സി.ബി.അജിത്ത്കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.കെ.രാജു തുടങ്ങിയവര്‍ വിളവെടുപ്പിന് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."