മുസ്‌ലിം കലണ്ടര്‍ നിരാകരിക്കേണ്ടതുണ്ടോ
വിദ്യാഭ്യാസരീതികളും സംവിധാനങ്ങളും കാലോചിതമാറ്റങ്ങള്‍ക്കു വിധേയമാകുമ്പോഴും മാറ്റങ്ങളില്ലാതെ തുടരുകയാണ് സംസ്ഥാനത്തെ മാപ്പിളസ്‌കൂളുകളെന്നും അതു വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സമുദായ പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്ന ചില അധ്യാപകരും സംഘടനാപ്രതിനിധികളും മറ്റുമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരുവിഭാഗം മുസ്‌ലിം തീവ്ര-മൗലികവാദ സംഘടനകളുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണു സംസ്ഥാനത്തെ പല മുസ്‌ലിംസ്‌കൂളുകളും വിശേഷിച്ച്, മലബാര്‍മേഖലയിലെ സ്‌കൂളുകള്‍, ജനറല്‍ കലണ്ടര്‍ പിന്തുടരാന്‍ തയാറാകാത്തതെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് എല്ലാ മതാനുയായികള്‍ക്കും തങ്ങളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഭരണഘടന സ്വാതന്ത്ര്യവും അവകാശവും നല്‍കിയിട്ടുണ്ട്. മതമൂല്യങ്ങളും അടയാളങ്ങളും പഠിക്കാനും പ്രയോഗവത്കരിക്കാനും ഇതരസംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി കേരളത്തിലുണ്ടായ അനുകൂലാവസ്ഥയാണ് ഏറെ അനുഗൃഹീതമായ ജീവിതസാഹചര്യം ഇവിടത്തെ മുസ്‌ലിംകള്‍ക്കുണ്ടാവാന്‍ വഴിയൊരുക്കിയത്. വിശ്വാസിയുടെ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രായോഗിക പരിശീലനത്തിനുമെല്ലാം കേരളം അനുയോജ്യമായതുകൊണ്ട് ഇവിടെ വിവിധ മതങ്ങള്‍ക്കിടയിലുള്ള സാമൂഹിക ജീവിതാന്തരീക്ഷങ്ങള്‍ സമാധാനപൂര്‍വമാക്കാനും സാധിച്ചു. മുസ്‌ലിം മതാനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങളില്‍ പൊതുവിദ്യാഭ്യാസ കലണ്ടറിനു പകരം മുസ്‌ലിംകലണ്ടര്‍ നടപ്പാക്കാനും കഴിഞ്ഞു.
ഇതു പുതിയകാലത്തെ പഠിതാക്കളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന തെറ്റായ പ്രചാരണം നടത്തി സംസ്ഥാനത്തെ മാപ്പിളകലണ്ടര്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ചില അധ്യാപകസംഘടനകള്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണു വിവരം. വിദ്യാഭ്യാസകലണ്ടര്‍ മാറ്റണമെങ്കില്‍ പി.ടി.എയുടെ പ്രത്യേക ജനറല്‍ബോഡി വിളിക്കുകയും ഏകകണ്ഠ തീരുമാനമുണ്ടാവുകയും വേണം. ഒരു രക്ഷിതാവെങ്കിലും പ്രതികൂലമാണെങ്കില്‍ മാറ്റാനാകില്ലെന്നാണു നിയമം.
എന്നാല്‍, വ്യക്തമായ ചര്‍ച്ചനടത്തുകയോ രക്ഷിതാക്കളെ കൃത്യമായി ബോധവല്‍കരിക്കുകയോ കലണ്ടര്‍ മാറ്റത്തിന്റെ ഗുണ-ദോഷങ്ങള്‍ പ്രതിപാദിച്ചുകൊടുക്കുകയോ ചെയ്യാതെ ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കായി തടസ്സവാദങ്ങളുന്നയിച്ചു മുസ്‌ലിംകലണ്ടര്‍ മാറ്റുന്നതിനായി പലരും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പണ്ടുകാലത്ത് മുസ്‌ലിംകുട്ടികള്‍ക്കു വിദ്യാഭ്യാസത്തില്‍ താല്‍പര്യമുണ്ടാക്കാനായിരുന്നു റമദാന്‍ മാസത്തിലടക്കം ശ്രേഷ്ഠദിനങ്ങളില്‍ അവധി നല്‍കിയതെന്നും അത്തരം സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നുമാണ് അവരുടെ പക്ഷം. ചില മത-സാമൂഹിക നേതാക്കള്‍പോലും മുസ്‌ലിംകലണ്ടറിനെതിരേ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ടെന്നും അവര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. പല മുസ്‌ലിംസംഘടനകളുടെയും കീഴിലുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകള്‍ ജനറല്‍കലണ്ടറിലാണു പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ ചില സര്‍ക്കാര്‍ സ്‌കൂളുകള്‍മാത്രം മുസ്‌ലിംകലണ്ടര്‍ പിന്തുടരുന്നത് അനൗചിത്യമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുസംബന്ധിച്ച വസ്തുതകള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മാനേജ്‌മെന്റും സംഘടനാപ്രവര്‍ത്തകരും മനസ്സിലാക്കേണ്ടതുണ്ട്. ജനറല്‍സ്‌കൂളുകളില്‍ പഠനംനടത്തുന്നതു മതമൂല്യങ്ങള്‍ക്കു ഭംഗമുണ്ടാക്കുമെന്നും അതിനാല്‍ മുസ്‌ലിംവിദ്യാര്‍ഥികള്‍ മത-സാംസ്‌കാരികമൂല്യങ്ങള്‍ നിലനിര്‍ത്താനും അനുഷ്ഠാനപരിശീലനത്തിനുമായി മുസ്‌ലിംകലണ്ടര്‍ അവലംബിക്കണമെന്നും ഒരു മുസ്‌ലിം സംഘടനയും ശാഠ്യംപിടിച്ചിട്ടില്ല. മറിച്ച്, മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം സൗകര്യപ്രദമായ രീതിയില്‍ കാലങ്ങള്‍ക്കുമുന്‍പ് തുടങ്ങിവച്ചതും നിരാക്ഷേപം നടന്നുവരുന്നതുമായ രീതി പൂര്‍ണമായും നിര്‍ത്തലാക്കണമെന്നു വാദിക്കുന്നതും അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും നീക്കംനടത്തുന്നതും ചിലരുടെ സ്വാര്‍ഥതമൂലമാകയാല്‍ ആ ഹീന ശ്രമങ്ങള്‍ക്കെതിരേ ശബ്ദിക്കുകയാണു മതസംഘടനകള്‍ ചെയ്യുന്നത്.
റമദാനിലും വെള്ളിയാഴ്ചകളിലുമുള്ള അവധിയാണ് മുസ്‌ലിംകലണ്ടറിന്റെ സവിശേഷത. വെള്ളി, ഞായര്‍ ദിവസങ്ങള്‍ക്കിടയില്‍ ശനി പ്രവൃത്തിദിനമായതിനാല്‍ മാപ്പിളസ്‌കൂള്‍ അധ്യാപകര്‍ക്കു തുടര്‍ച്ചയായി രണ്ടുദിവസം അവധി കിട്ടില്ല. നാടിനുപുറത്തു ജോലിയിലുള്ള അധ്യാപകദമ്പതികളില്‍ ഒരാള്‍ മുസ്‌ലിംസ്‌കൂളിലും മറ്റേയാള്‍ ജനറല്‍സ്‌കൂളിലുമാണെങ്കില്‍ ഒരുമിച്ചു നാട്ടില്‍ പോവാന്‍ സാധിക്കില്ല. റമദാന്‍ കാലത്ത് ഓണാവധിയോ ക്രിസ്മസ് അവധിയോ വന്നാല്‍ ആ അവധി നഷ്ടപ്പെടും. ഈയൊരു കാരണമാണു മുസ്‌ലിംകലണ്ടറിനെതിരേ രംഗത്തിറങ്ങാന്‍ മിക്കഅധ്യാപകരെയും പ്രേരിപ്പിക്കുന്നത്.
എന്നാല്‍, പൂര്‍വികരിലൂടെ സ്ഥാപിച്ചുകിട്ടിയ ഈ സവിശേഷത തകിടം മറിക്കപ്പെടുന്നതിലൂടെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതാനുഷ്ഠാനം പരിശീലിക്കാനും പ്രയോഗവത്കരിക്കാനുമുള്ള അവസരം പൂര്‍ണമായും നഷടപ്പെടും. രണ്ടുദിന അവധിയുടെ സൗകര്യത്തില്‍ ഉമ്മവീട്ടിലേയ്ക്കു വിരുന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കു ശനി, ഞായര്‍ ദിവസങ്ങളിലെ മദ്‌റസാപഠനം നഷ്ടപ്പെടും.
കേരളത്തില്‍ പതിനായിരത്തിലേറെ മദ്‌റസകളുണ്ടെങ്കിലും പരിശീലനക്കുറവുമൂലം ഖുര്‍ആന്‍ പാരായണത്തിന്റെ നിലവാരം മോശമാണ്. മിക്ക മദ്‌റസാ മാനേജ്‌മെന്റുകളും റമദാനില്‍ ഉച്ചവരെ നീണ്ടുനില്‍ക്കുന്ന ഹിസ്ബ് ക്ലാസ് ഏര്‍പെടുത്തി ഉസ്താദുമാര്‍ക്കു പ്രത്യേകശമ്പളം നല്‍കിയാണ് ഈ ന്യൂനത പരിഹരിച്ചുവരുന്നത്. കലണ്ടറുകള്‍ മാറ്റി റമദാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന രീതി വന്നാല്‍ ഹിസ്ബ് ക്ലാസുകളും തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കുട്ടികള്‍ക്കു ലഭിക്കുന്ന അമൂല്യമായ അവസരവും നഷ്ടപ്പെടും. ളുഹര്‍-അസ്ര്‍ നമസ്‌കാരങ്ങള്‍ പള്ളികളിലെ ജമാഅത്തുകളില്‍ പങ്കെടുത്തു നിര്‍വഹിക്കാനുള്ള അവസരവും ഇല്ലാതാകും.
സ്‌കൂളില്‍ പോകണമെന്നതിനാല്‍ റമദാനില്‍ വ്രതമുപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. കാരണം, ക്ഷീണിതരാകുമെന്നതിനാല്‍ ഉച്ചയ്ക്കുശേഷം ക്ലാസ് ശ്രദ്ധിക്കാന്‍ കഴിയില്ല. വെള്ളിയാഴ്ച സ്‌കൂളില്‍ പോകുന്ന പലരും അമുസ്‌ലിം കൂട്ടുകാരോടൊപ്പം കളിച്ചു കറങ്ങിത്തിരിഞ്ഞു ജുമുഅ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നതും സഗൗരവം പരിഗണിക്കണം. ജുമുഅക്കു പോകുന്നവരാകട്ടെ തിക്കിത്തിരക്കി പെട്ടെന്നു കടമനിര്‍വഹിച്ചെന്നു വരുത്തി മടങ്ങിപ്പോവുകയാണ്.
അധ്യയനവര്‍ഷത്തിനിടയില്‍ വന്നുചേരുന്ന റദമാന്‍ അവധി പഠനത്തുടര്‍ച്ചയ്ക്കു ദോഷകരമാകുമെന്നാണു തല്‍പരകക്ഷികളുടെ വിലയിരുത്തല്‍. രണ്ടുമാസത്തെ അവധിക്കാലത്തു നഷ്ടപ്പെടാത്ത പഠനത്തുടര്‍ച്ച ഒരുമാസംകൊണ്ടു നഷ്ടപ്പെടുന്നുവെന്നു വരുത്താന്‍ സാഹസപ്പെടുകയാണ് ഇക്കൂട്ടര്‍. ആദ്യക്ലാസ് മുതല്‍ മേലോട്ടുള്ളതൊക്കെ പഠനത്തുടര്‍ച്ചയാണല്ലോ. രണ്ടുമാസത്തെ വാര്‍ഷികാവധിയില്‍ പഠനപ്രക്രിയ നിശ്ശേഷം വിച്ഛേദിതമായിത്തീരുന്നുവെന്ന ഭീമാബദ്ധം വ്യംഗ്യമായി അവതരിപ്പിക്കുകയാണവര്‍.
ഔപചാരികവിദ്യാഭ്യാസത്തില്‍ പഠനപ്രക്രിയകളും പാഠപുസ്തകങ്ങളുമായി നിരന്തര ബന്ധമുണ്ടാവുകയാണു വേണ്ടത്. സ്‌കൂളില്ലെങ്കിലും അതിനുള്ള സാഹചര്യം രക്ഷിതാക്കള്‍ ഉണ്ടാക്കിക്കൊടുക്കണം. നിര്‍ജീവവും പഠനപ്രക്രിയാശൂന്യവുമായ രണ്ടുമാസ അവധി വിദ്യാര്‍ഥികളെ ദുഷിച്ച കൂട്ടുകെട്ടുകളിലേക്കും ജീര്‍ണചിന്തകളിലേക്കും നയിക്കും. പഠനത്തോടു നീരസമുണ്ടാക്കിക്കും. മുസ്‌ലിംകലണ്ടറിലുള്ള മിക്ക സ്‌കൂളുകളിലും റമദാന്‍ അവധി ഉപയോഗപ്പെടുത്തുന്നതു പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അവധിക്കാലപ്രവര്‍ത്തനത്തിനായാണ്. ഇതു പഠനതാത്പര്യവും ഉത്സാഹവുമുണ്ടാക്കും.
പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന മിഥ്യാധാരണയാല്‍ മുസ്‌ലിംകലണ്ടര്‍ നിര്‍ത്തലാക്കണമെന്നു പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ മാത്രമാണ്. ഭരണഘടന നിഷ്‌കര്‍ഷിച്ച മതസ്വാതന്ത്ര്യത്തിനു ചങ്ങലയിടാനും അനുഷ്ഠാനകര്‍മങ്ങളെ നിസ്സാരവത്കരിക്കാനും പലരും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി കുഴലൂത്തു നടത്തുന്നവരുടെ കുത്സിതസമീപനങ്ങള്‍ ഏറെ ആശങ്കാജനകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."