വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നിയമക്കുരുക്കിലേക്ക്
കാക്കനാട്: സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് രണ്ട് മുസ്‌ലിം എം.എല്‍.എമാരെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നിയമക്കുരുക്കിലേക്ക്. വരണാധികാരിയായ എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ല പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ബോര്‍ഡിലേക്ക് മത്സരിച്ച ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ വരണാധികാരിക്ക് കത്ത് നല്‍കി.
വിജ്ഞാപന പ്രകാരം ജനുവരി 11ന് എം.എല്‍.എ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വഖഫ് ബോര്‍ഡ് നിയമപ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പേര് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രസിദ്ധീകരിക്കണമെന്നാണ്. യു.ഡി.എഫില്‍ നിന്ന് മുസ്‌ലിം ലീഗിലെ മങ്കട എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ മാത്രമാണ് നിശ്ചിത സമയത്തിനകം പത്രിക സമര്‍പ്പിച്ചത്. ജനുവരി 12ന് വരണാധികാരിയുടെ ഓഫിസില്‍ നടത്തിയസൂക്ഷ്മപരിശോധനയില്‍ തന്റെ നാമനിര്‍ദേശപത്രിക നിയമാനുസൃതമാണെന്നും ന്യൂനതകളില്ലെന്നും ചുമതലപ്പെടുത്തിയിരുന്ന അഭിഭാഷകനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിക്കൊണ്ട് വരണാധികാരി മുഖേന സര്‍ക്കാര്‍ നല്‍കിയ കത്ത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡ് നിയമപ്രകാരം കഴിഞ്ഞ നവംബര്‍ 24ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. നടപടികള്‍ തുടങ്ങിയ ശേഷം വിജ്ഞാപനം റദ്ദാക്കിയത് നിയമവിരുദ്ധമാണ്. വഖഫ് ബോര്‍ഡിന്റെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിന്റെ അംഗീകാരം വാങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. വഖഫ് നിയമപ്രകാരം വരാണാധികാരിയെ ചുമതലപ്പെടുത്തി തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇതിന് വിരുദ്ധമായി വിജ്ഞാപനത്തിന് സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ വഖഫ് നിയമ പ്രകാരം യോഗ്യരായ സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കില്‍ തന്നെ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നും എം.എല്‍.എ കത്തില്‍ അവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം വരണാധികാരിക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാറിന്റെ അംഗീകാരം വാങ്ങാതെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ജനുവരി 12ന് വിജ്ഞാപനം റദ്ദാക്കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കലക്ടറേറ്റില്‍ ലഭിച്ചത്. വഖഫ് ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കുന്നത്.
34 എം.എല്‍.എമാരില്‍ 22 പേര്‍ യു.ഡി.എഫ് അംഗങ്ങളാണെങ്കിലും ആനുപാതിക വോട്ടെടുപ്പായതിനാല്‍ ഇരുമുന്നണികള്‍ക്കും ഒന്നുവീതം പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയുമായിരുന്നു. എല്‍.ഡി.എഫില്‍ ഒരംഗത്തിന്റെ വിജയം ഉറപ്പായിരുന്നിട്ടുകൂടി നിശ്ചിതസമയത്ത് സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായില്ല. യു.ഡി.എഫില്‍ മുസ്‌ലിം ലീഗിലെ മങ്കട എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ മാത്രമാണ് നിശ്ചിത സമയത്തിനകം പത്രിക സമര്‍പ്പിച്ചത്.
നിരവധി സ്വതന്ത്ര എം.എല്‍.എമാരുണ്ടായിരുന്നിട്ടും എല്‍.ഡി.എഫിന് ഒരാളെക്കൊണ്ട് പോലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം തന്നെ റദ്ദാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കാതിരുന്നാല്‍ ടി.എ അഹമ്മദ് കബീര്‍ തെരഞ്ഞെടുക്കപ്പെടുകയും മറ്റൊരു ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ നിയമവിരുദ്ധ ഉത്തരവിലൂടെ തടയിട്ടതെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."