കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കല്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നീട്ടിവച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയാണു വാദം കേള്‍ക്കാനായി ഈമാസം 20ലേക്ക് കോടതി മാറ്റിയത്.
ബജറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപരവും വസ്തുതാപരവുമായ തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതുതരം നിയമമാണു ലംഘിക്കപ്പെട്ടതെന്നു വ്യക്തമാക്കണമെന്നും ഇതുവരെ അതിനു സാധുത നല്‍കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് ഡി.വൈ ചന്ദചൂഢുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ, ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ഫെബ്രുവരി ഒന്നിനു പകരം ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കണമെന്നാണു പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടത്. ഈമാസം 31ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."