ഹജ്ജ് സബ്‌സിഡിയെകുറിച്ച് പഠിക്കാന്‍ കേന്ദ്രം ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി
ന്യൂഡല്‍ഹി: കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യത്തിന് ഏറ്റവും കൂടുതല്‍ ഹജ്ജ് ക്വാട്ട അനുവദിച്ച സഊദി സര്‍ക്കാരിന്റെ നടപടിക്കു പിറകെ പുതിയ വിവാദ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജ് സബ്‌സിഡിയെ കുറിച്ചു പരിശോധിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ആറംഗ ഉന്നതതല സമിതിയെ ഏല്‍പിച്ചു.
ന്യൂനപക്ഷ മന്ത്രാലയത്തിലെ അംഗങ്ങളെയാണു പ്രധാനമായും സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഹജ്ജ് സബ്‌സിഡി കുറച്ചു കൊണ്ടുവന്ന് 2020ഓടെ ഇതു പൂര്‍ണമായും നിരോധിക്കണമെന്ന 2012ലെ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതിയെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സബ്‌സിഡി കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമുണ്ടോയെന്നും സബ്‌സിഡി ഇല്ലാതെത്തന്നെ കുറഞ്ഞ ചെലവില്‍ തീര്‍ഥാടകര്‍ക്ക് യാത്രചെയ്യാനാകുമോ എന്നും സമിതി അന്വേഷിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും കാണുമെന്നും അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് 1.8 ലക്ഷം രൂപം ചെലവാകുമ്പോള്‍ സ്വകാര്യ കമ്പനികള്‍ വഴി പോകുന്നവരില്‍നിന്ന് 3.5 ലക്ഷം മുതല്‍ പണം ഈടാക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഒരു വക്താവ് പറഞ്ഞു. സ്വകാര്യ വിമാന-ട്രാവല്‍സ് കമ്പനികള്‍ തീര്‍ഥാടകരെ സീസണ്‍ കാലത്ത് വിലവര്‍ധിപ്പിച്ച് ചൂഷണം ചെയ്യുകയാണ്. സബസിഡി ഒഴിവാക്കിത്തന്നെ കുറഞ്ഞ ചെലവില്‍ വിശ്വാസികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമൊരുക്കുന്നതിനെ കുറിച്ചാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സഊദി സര്‍ക്കാര്‍ 34,000 ആയി ഉയര്‍ത്തിയിരുന്നു. ഇതിനെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."