ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും: കലക്ടര്‍
കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംയുക്ത പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ മിത്ര റ്റി അറിയിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി എല്ലാ മാസവും ചേരുന്നതിന് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. താലൂക്ക്തല കമ്മിറ്റികള്‍ കൃത്യമായി ചേരുന്നതിന് കണ്‍വീനര്‍മാര്‍ ശ്രദ്ധചെലുത്തണം. ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിന് നടപടി സ്വീകരിക്കും. പൊതുവിതരണ കേന്ദ്രങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് പൊതുവിതരണ വകുപ്പ് ഉറപ്പാക്കണം. റോഡുകളുടെ വശങ്ങളിലും കവലകളിലും പ്രവര്‍ത്തിക്കുന്ന താത്കാലിക മത്സ്യചന്തകള്‍, ചായക്കടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ പല സ്ഥലങ്ങളിലും താത്കാലിക മത്സ്യചന്തകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യോഗത്തില്‍ പങ്കെടുത്തുവര്‍ ചൂണ്ടിക്കാട്ടി. ബേക്കറികളുള്‍പ്പടെയുള്ള ഭക്ഷ്യോത്പന്ന വില്പന ശാലകളിലും ഇറച്ചിക്കടകളിലും യഥേഷ്ടം വില ഈടാക്കുന്നത് നിയന്ത്രിക്കണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ബി റ്റി അനിത, കമ്മിറ്റിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."