മാതാപിതാക്കള്‍ കൈവിട്ടു, മുത്തശ്ശി കിടപ്പിലുമായി; ഭാവി ചോദ്യച്ചിഹ്നമായി പത്തു വയസുകാരന്‍
കരുനാഗപ്പള്ളി: മുത്തശ്ശിയുടെ അസുഖം മാറണേയെന്ന പ്രാര്‍ഥനയിലാണ് പത്തുവയസുകാരന്‍ അമീന്‍. മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ അമീന്റെ ഏക ആശ്രയമാണ് മുത്തശ്ശി. അസുഖബാധിതയായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഫാത്തുമ്മാബീവി(74)യുടെ കണ്ണടഞ്ഞാല്‍ അമീന്റെ ഭാവി ഇരുളിലാകും. തഴവ ആദിത്യവിലാസം എല്‍.പി.എസിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അമീന്‍. ചെറുപ്രായത്തില്‍ തന്നെ അമീന്റെ പിതാവ് ഇടക്കുളങ്ങര സ്വദേശി സജീവ് മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും ഇവരെ വിട്ട് തമിഴ്‌നാട്ടില്‍ താമസമാണ്. മാതാവായ ഷെമീനയാകട്ടെ മണപ്പള്ളി സ്വദേശിയായ ഒരു യുവാവിന്റെ കൂടെ നാടുവിട്ട് മഞ്ചേരിയില്‍ താമസമാണെന്നാണ് വിവരം.
മാതാവും പിതാവും നഷ്ടപ്പെട്ട അമീന്‍ ശാരീരികാസ്വസ്ഥതകള്‍ കൊണ്ട് ബുദ്ധിമുട്ടിലായ മുത്തശ്ശിയുടെ കൂടെ രണ്ട് സെന്റിലുള്ള ഒരു ഷീറ്റ് ഇട്ട കൊച്ചുവീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ അസുഖം മൂര്‍ഛിച്ച മുത്തശ്ശിയെ സമീപവാസിയായ ഊപ്പന്‍വിള വീട്ടില്‍ നെസീറ ആശുപത്രിയിലെത്തിക്കുകയും ഇവര്‍ക്ക് കൂട്ടിരിക്കുകയുമാണ്. ആശുപത്രിയിലെ ചെലവുകള്‍ ഇവരുടെ കൈയില്‍ നിന്നും ചില സുമനുകളുടെ സഹായത്താലുമാണ് നടത്തുന്നത്. വിവരമറിഞ്ഞ് ജീവന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി നാസര്‍ കരുനാഗപ്പള്ളിയും മറ്റ് പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തുകയും കുട്ടിയെ സംരക്ഷിക്കുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."