സംഘ്പരിവാര്‍ അസഹിഷ്ണുത; പന്ന്യന്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തി 'മതേതരചേരിയെ ശക്തിപ്പെടുത്തണം'
മലപ്പുറം: സംഘ്പരിവാറിന്റെ അസഹിഷ്ണുതക്കെതിരേ പോരാടാന്‍ മതേതരചേരിയെ ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരായ അസഹിഷ്ണുത സമീപകാലത്ത് വര്‍ധിച്ചിരിക്കുകയാണ്. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ധ്വംസിക്കാന്‍ വര്‍ഗീയശക്തികള്‍ ഇറങ്ങിത്തിരിച്ച സാഹചര്യത്തില്‍ മതേതരചേരിയെ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിനെതിരായ പോരാട്ടത്തിന് മുസ്‌ലിംലീഗിന്റെ എല്ലാവിധ പിന്തുണയും തങ്ങള്‍ വാഗ്ദാനം ചെയ്തു. ഉത്തരേന്ത്യയിലേതുപോലെ അത്യന്തം വിഷലിപ്തമായ പ്രസ്താവനകള്‍ കേരളത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്താറുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ഇവിടെ അത് വിപരീതഫലമാണുണ്ടാക്കുമെന്ന് ഭയന്നായിരുന്നു അത്. എന്നാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരായ ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിലും ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, മുഹമ്മദലി ശിഹാബ് ഐ.എ.എസ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹ്മദ് സാജു, സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."