ഫസല്‍ വധം: ആര്‍.എസ്.എസുകാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം
തിരുവനന്തപുരം: തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യഥാര്‍ഥ പ്രതികളെ പിടികൂടാതെ സി.ബി.ഐ ഒളിച്ചുകളിക്കുകയാണ്. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കുന്ന മൊഴിയും തെളിവും കേരള പൊലിസ് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്.
2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. പിറ്റേദിവസംതന്നെ ആര്‍.എസ്.എസ് ആണ് കൊലയാളികളെന്ന് എന്‍.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. സംഘ്പരിവാറിലെ പൊട്ടിത്തെറി ഫസല്‍ സംഭവത്തിലെ ഉള്ളറകള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. എന്നിട്ടും സി.ബി.ഐ സി.പി.എം നേതാക്കളെ വേട്ടയാടുകയാണ്. ഫസല്‍വധത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍.എസ്.എസുകാരനായ സുബീഷിന്റെ കുറ്റസമ്മതമൊഴിയിലും യഥാര്‍ഥസംഭവം വിശദീകരിക്കുന്നുണ്ട്. ഈ മൊഴിയും അനുബന്ധ തെളിവുമാണ് കേരള പൊലിസ് സി.ബി.ഐക്ക് കൈമാറിയത്. ഇതേ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിറ്റാരിപ്പറമ്പിലെ പവിത്രന്‍ വധക്കേസില്‍ പൊലിസ് പുനരന്വേഷണം ആരംഭിച്ചത്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഫസലിനോട് ആര്‍.എസ്.എസുകാര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."