ക്ഷേത്രത്തില്‍ നിന്നും പണാപഹരണം: ദേവസ്വം സെക്യൂരിറ്റി അറസ്റ്റില്‍
തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും പണം അപഹരിച്ച കേസില്‍ ദേവസ്വം സെക്യൂരിറ്റിയെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ചേന്നാട്ട് കുരിയില്ലത്ത് വീട്ടില്‍ കമല്‍രാജ്(28)ആണ് പിടിയിലായത്.
ഈ മാസം ആറിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും പണംകവര്‍ന്നത്. ക്ഷേത്രത്തിലെ എടുത്തുമാറ്റാന്‍ കഴിയുന്ന ആറു ഭണ്ഡാരക്കുറ്റികളില്‍ നിന്നായി 20000 രൂപ നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍ കമല്‍രാജ് 9000രൂപ കവര്‍ന്നതായാണ് പൊലിസിന്റെ കണ്ടെത്തല്‍.
തൊടുപുഴ സി. ഐ എന്‍.ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അടൂരില്‍ നിന്നും പിടികൂടിയത്.
സംഭവത്തെക്കുറിച്ച പൊലിസ് പറയുന്നതിങ്ങനെയാണ്. തിങ്കളാഴ്ച രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ കമല്‍രാജ് ഭണ്ഡാരക്കുറ്റി താക്കോല്‍ ഇട്ട് തുറന്നശേഷം പണമെടുത്തു. ഇതിനുശേഷം വീണ്ടും ഭണ്ഡാരക്കുറ്റി പൂട്ടി. മൂന്നുമാസം മുന്‍പ് കമല്‍രാജിനെ മറ്റൊരു ക്ഷേത്രത്തിലെ സെക്യൂരിറ്റിയായി നിയമിച്ചിരുന്നു. സെക്യൂരിറ്റിയായി ആദ്യം നിയമനം ലഭിച്ചത് വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രത്തിലായിരുന്നു. ഇതിനിടെയാണ് മാറ്റം ഉണ്ടായത്. സ്‌പെഷല്‍ റിക്വസ്റ്റ് അയച്ചശേഷം പ്രതി വീണ്ടും സ്ഥലത്തെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കാണിക്കായായി സമര്‍പ്പിക്കുന്ന പണം ചിലപ്പോള്‍ വഴിയില്‍ വീഴും.
ഇങ്ങനെ ലഭിക്കുന്ന പണം പ്രതി തട്ടിയെടുത്തിരുന്നതായും പൊലിസ് പറഞ്ഞു. എന്നാല്‍ പ്രതിയുടെ പേരില്‍ മറ്റു കേസുകളൊന്നും നിലവിലില്ല. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലിസ് സംഘത്തിനെയാണ് നിയോഗിച്ചിരുന്നത്. സംഭവവുമായി മറ്റ് ചിലര്‍ക്ക് ബന്ധമുള്ളതായി തൊടുപുഴ പൊലിസിനു സംശയമുണ്ട് . പ്രതിയെ ഇന്നലെ വൈകിട്ട് 5.30നു മോഷണം നടന്ന ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."