ടോംസ് കോളജിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി
മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളജില്‍ തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാറെ കാണാനൊരുങ്ങിയ വിദ്യാര്‍ഥിനികളെ മാനേജ്‌മെന്റ് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. പൊലിസ് വലയംഭേദിച്ച് കോളജിനുള്ളില്‍ പ്രവേശിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ മോചിപ്പിച്ചു.
രക്ഷിതാക്കളും വിദ്യാര്‍ഥികളും കോളജ് മാനേജ്‌മെന്റിനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌സാങ്കേതിക സര്‍വകലകശാലാ രജിസ്ട്രാര്‍ ഡോ. ജി.പി പത്മകുമാര്‍ തെളിവെടുപ്പിനെത്തിയത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കോളജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരില്‍ നിന്ന് രജിസ്ട്രാറുടെയും പരീക്ഷാ കണ്‍ട്രോളറുടെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ തെളിവെടുത്തു. ഇവര്‍ കോളജിലെത്തുമ്പോള്‍ ചെയര്‍മാന്‍ ടോം ടി. ജോസഫ് സ്ഥലത്തുണ്ടായിരുന്നില്ല. ലഭിച്ച പരാതികളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. മാനേജ്‌മെന്റിനെതിരേ തെളിവ് നല്‍കാതിരിക്കാനും അവരുടെ താല്‍പര്യാനുസരണം മൊഴി കൊടുക്കാനുമാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നേരത്തേ കോളജിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിടുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. രാവിലെ എ.ബി.വി.പി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് അകത്തുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തശേഷം അവര്‍ മടങ്ങി. ഇതിനു ശേഷമാണ് പൊലിസ് വലയം ഭേദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാംപസിനുള്ളില്‍ പ്രവേശിച്ചത്.
സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമല്‍കുമാര്‍, ഗോപു കൃഷ്ണന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് റിജേഷ് കെ. ബാബു, ജില്ലാ സെക്രട്ടറിയേറ്റംഗം മനു പി. മോഹന്‍, അനൂപ് അഷ്‌റഫ്, സിനു സിന്‍ഘോഷ്, ഗോപു കൃഷ്ണന്‍, അമല്‍കുമാര്‍, അനന്തകൃഷ്ണന്‍, സൂര്യന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംസ്ഥാന സര്‍ക്കാരിന്
റിപ്പോര്‍ട്ട് നല്‍കും: ചിന്ത ജെറോം
കോട്ടയം: മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. ഇന്നലെ കോളജ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കലക്ടര്‍, ജില്ലാ പൊലിസ് ചീഫ്, സാങ്കേതിക സര്‍വകലാശാല എന്നിവരോട് റിപ്പോര്‍ട്ട് തേടും. കോളജ് ഹോസ്റ്റലിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."