ടാങ്കിന്റെ തകരാര്‍ മാറിയില്ല; മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രതിസന്ധിയില്‍
മാള: കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയിലെ ഡീസല്‍ ടാങ്കിന്റെ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ഡിപ്പോയുടെ പ്രതിസന്ധി തുടരുന്നു. ഈ മാസം ഏഴാം തിയ്യതി ശനിയാഴ്ച വൈകീട്ട് തകരാറിലായ ടാങ്കിന്റെ തകരാര്‍ ഒരാഴ്ചയോളമായിട്ടും പരിഹരിക്കാനായിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ വിദഗ്ദരെത്തി പരിശോധന നടത്തിയപ്പോള്‍ ആദ്യം പറഞ്ഞത് ടാങ്കിലേക്കുള്ള പൈപ്പിലുണ്ടായ ചോര്‍ച്ചയിലൂടെയാണ് ഡീസല്‍ ടാങ്കില്‍ ഓരുജലമെത്തിയതെന്നാണ്. ഇതിനുശേഷം ടാങ്കിലിറങ്ങി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ടാങ്കിലും ചോര്‍ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടത്. ടാങ്കും പൈപ്പുകളും അടിയന്തിരമായി മാറ്റി സ്ഥാപിച്ചാലെ ഇക്കാര്യത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ.
മാളച്ചാലിനോട് ചേര്‍ന്നുള്ള ഡിപ്പോയില്‍ പത്ത് വര്‍ഷത്തോളം മുന്‍പാണ് ഐ.ഒ.സിയുടെ ഡീസല്‍ ടാങ്ക് സ്ഥാപിച്ചത്. അശാസ്ത്രീയമായി സ്ഥാപിച്ച ടാങ്കിന്റെ അറ്റകുറ്റ പണികളും വേണ്ട സമയത്ത് ചെയ്യാതിരുന്നത് മൂലമാണ് സ്ഥാപിക്കപ്പെട്ട് പത്ത് വര്‍ഷത്തോളമായപ്പോഴേക്കും ഉപയോഗശൂന്യമായതെന്നാണ് ഉയരുന്ന ആക്ഷേപം.
ഓരുജലം നിറഞ്ഞ മാളച്ചാലിലെ വെള്ളം വേലിയേറ്റ സമയത്ത് ടാങ്കിന് പരിസരത്ത് എത്തി ടാങ്കിലേക്ക് കയറുന്നതിനാലാണ് ഇത്ര പെട്ടെന്ന് ടാങ്ക് തകരാറിലായത്. ഈ പ്രശ്‌നം മൂലം നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. ഓടിയിരുന്ന ബസ്സുകളും ഓടാതിരുന്നതിനാല്‍ യാത്രക്കാരുടെ ദുരിതവും സാമ്പത്തിക നഷ്ടവും ഏറെയാണ്. ഒരാഴ്ചയായി സ്വകാര്യ പമ്പുകളില്‍ നിന്നാണ് ബസ്സുകള്‍ ഡീസലടിക്കുന്നത്. മാളകരിങ്ങാച്ചിറ റൂട്ടില്‍ പരനാട്ടുകുന്നിലുള്ള സ്വകാര്യ പമ്പില്‍ നിന്നാണ് ഡീസലടിച്ചു കൊണ്ടിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടുമായി ആറ് കിലോമീറ്ററോളമാണ് വെറുതെ ഓടുന്നത്.
നഷ്ടക്കണക്കിന് അവസാനമില്ലാത്ത കെ.എസ്.ആര്‍.ടി.സിയുടെ എണ്‍പത് രൂപയിലധികമാണ് ഓരോ ബസിനും ദിനേ ഇത്തരത്തില്‍ നഷ്ടമാകുന്നത്. കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈയവസ്ഥക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. മാള കെ.എസ്.ആര്‍.ടി.സിയില്‍ ആകെയുള്ള 55 ഷെഡ്യൂളുകളില്‍ ശരാശരി 43 എണ്ണമാണ് ഈ സാഹചര്യത്തില്‍ സര്‍വിസ് നടത്തുന്നത്. കോര്‍പ്പറേഷനുള്ള നഷ്ടവും ജനങ്ങളുടെ ദുരിതവും ഇതുമൂലം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."