53 പഞ്ചായത്തുകളിലും, 13 ബ്ലോക്കുകളിലും ശിശു സംരക്ഷണ സമിതികള്‍
പാലക്കാട്: ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തില്‍ ശിശു സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന തീരുമാനത്തിന്റ അടിസ്ഥാനത്തില്‍ 13 ബ്ലോക്കുകളിലും 53 പഞ്ചായത്തുകളിലും സമിതികള്‍ ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ ജില്ലാതല സമിതി യോഗം വിലയിരുത്തി.
ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിയുകയും നാടുവിടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് സമഗ്രസര്‍വെ നടത്തണമെന്നും ഇത്തരത്തില്‍ നാടുവിട്ട കുട്ടികളെ തിരികെ കൊണ്ടുവരാനുളള രൂപരേഖ തയാറാക്കേണ്ടതുണ്ടെന്നും സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ച് പറഞ്ഞു.
പൊലിസ്, സാമൂഹികനീതി ഉള്‍പ്പെടെയുളള വകുപ്പുകളുടെ സഹകരണത്തോടെ ബാലനീതിനിയമം സംബന്ധിച്ച പ്രചാരണവും ബോധവത്കരണവും വിപുലമാക്കേണ്ടതുണ്ട്. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്പൂര്‍ണ ലഹരി വിമുക്ത യജ്ഞം 'വിമുക്തി'യുമായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കൂടി ഏകോപിച്ച് പ്രവര്‍ത്തിക്കണം. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിച്ചുളള പ്രവര്‍ത്തനം ആവശ്യമാണ്.
ബാല്യവിവാഹം തടയാന്‍ കര്‍ശന നടപടി ആവശ്യമുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ ബാല്യവിവാഹം നടന്നു കഴിഞ്ഞാലും നടപടിക്ക് വകുപ്പുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."