കുടുംബശ്രീ സര്‍വേയില്‍ അപാകത; നിരവധി പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങി
നിലമ്പൂര്‍: കുടുംബശ്രീയുടെ സര്‍വേയിലെ അപാകത കാരണം നിലമ്പൂര്‍ നഗരസഭയില്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കാതെപോയത് നിരവധി പേര്‍ക്ക്. സംഭവത്തെ തുടര്‍ന്ന് അപാകത പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ നഗരസഭാ ബോര്‍ഡ് തീരുമാനിച്ചു.
കുടുംബശ്രീ ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വേയിലെ അപാകതമൂലമാണ് വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിച്ചിരുന്ന നിരവധി പേര്‍ പട്ടികയ്ക്കു പുറത്തായത്. ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തിലാണ് പെന്‍ഷന്‍ വിഷയം കക്ഷിഭേദമന്യേ അംഗങ്ങള്‍ ഉന്നയിച്ചത്. സമയക്കുറവുമൂലമാണ് അപാകത ഉണ്ടായതെന്നു വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു അടക്കമുള്ളവര്‍ പറഞ്ഞു. പ്രശ്‌നപരിഹാരമെന്ന നിലയില്‍ 23ന് നഗരസഭാ കൗണ്‍സിലര്‍മാരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നു സര്‍വേയിലെ പിഴവ് തിരുത്തി അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകളെയും പെന്‍ഷനില്‍ ഉള്‍പ്പെടുത്തുമെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അറയിച്ചു.
പെന്‍ഷന്‍ സര്‍വേയിലുണ്ടായ അപാകത പരിഹരിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകുമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലൊളി മെഹബൂബും പറഞ്ഞു. കല്യാണി ഗ്രൗണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി മോളുടെ ആവശ്യം അംഗങ്ങളില്‍ ചിലര്‍ നിരസിച്ചു. കോടതിയില്‍ ഇരിക്കുന്നവിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ലീഗിലെ മുജീബ് ദേവശ്ശേരി ചൂണ്ടിക്കാട്ടി. തെരുവു വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് എന്‍. വേലുക്കുട്ടി ആവശ്യപ്പെട്ടപ്പോള്‍ പഴയ ബസ് സ്റ്റാന്‍ഡിലെ നഗരസഭയുടെ കെട്ടിടത്തിന്റെ റൂമുകള്‍ നിയമപരമല്ലാതെ നിലമ്പൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് നല്‍കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും നഗരസഭയിലെ മറ്റ് സഹകരണ സംഘങ്ങളെയും ഉള്‍പ്പെടുത്തി ടെണ്ടര്‍ ചെയ്യണമെന്നും സ്വതന്ത്ര അംഗം മുസ്തഫ കളത്തുംപടിക്കല്‍ ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."