വരാനെയ്ക്കു പകരം ആദില്‍ റമി
പാരിസ്: സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോകപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്ന ടീമാണ് ഫ്രാന്‍സ്. എന്നാല്‍, അവരുടെ കിരീട മോഹങ്ങള്‍ക്ക് ഇപ്പോള്‍ പ്രമുഖ താരങ്ങളുടെ അഭാവം തിരിച്ചടിയാകുകയാണ്. ടീമിലെ യുവ മധ്യനിര താരം റാഫേല്‍ വരാനെ പരുക്കു മൂലം ടൂര്‍ണമെന്റില്‍ കളിക്കില്ലെന്നതാണ് ഏറ്റവുമൊടുവില്‍ അവരെ തേടിയെത്തിയ തിരിച്ചടി.
കാലിലെ പേശികള്‍ക്കേറ്റ പരുക്കാണ് താരത്തിനു തിരിച്ചടിയായത്. പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ടീം നല്കുന്ന വിശദീകരണം. പരുക്കു കുറച്ചു ഭേദമായതിനെ തുടര്‍ന്നു വരാനെ റയല്‍ മാഡ്രിഡിനുവേണ്ടി കളിച്ചിരുന്നു.
എന്നാല്‍, മത്സരത്തിനിടെ പരുക്ക് രൂക്ഷമാകുകയായിരുന്നു. അതേസമയം, സെവിയ്യയുടെ മധ്യനിര താരം ആദില്‍ റമിയെ പകരക്കാരനായി ഫ്രഞ്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മറ്റൊരു മധ്യനിര താരം മമാദോ സാക്കോയെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതും ഫ്രാന്‍സിനു ക്ഷീണം ചെയ്യുന്ന നടപടിയായിരുന്നു. ജൂണ്‍ പത്തിനാരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ഫ്രാന്‍സ് ഉള്‍പ്പെട്ടിട്ടുള്ളത്.
റുമാനിയ, അല്‍ബേനിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."