യുവത്വം ട്രാക്കിലേക്ക്... ദേശീയ യൂത്ത് മീറ്റിന് ഇന്ന് തുടക്കമാവും
യു.എച്ച് സിദ്ദീഖ്
തേഞ്ഞിപ്പലം: കായിക ആവേശത്തെ എന്നും പുണരുന്ന മലപ്പുറത്തിന്റെ മണ്ണില്‍ മൂന്നു ദിനങ്ങള്‍ നീളുന്ന കായിക മാമാങ്കത്തിന് ഇന്ന് തുടക്കം കുറിക്കും. കേരളം ആദ്യമായാണ് ദേശീയ യൂത്ത് മീറ്റിന് വേദിയാകുന്നത്. പുലര്‍ച്ചെ 6.30 ന് പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് 13 ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന് കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കമാവുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 612 അത്‌ലറ്റുകള്‍ മൂന്ന് ദിവസമായി നടക്കുന്ന മേളയില്‍ കായിക കരുത്ത് തെളിയിക്കാനായി പോരിനിറങ്ങും. സിന്തറ്റിക് ട്രാക്ക് ഒരുക്കിയ ശേഷം ആദ്യമായാണ് ഇവിടെ ദേശീയ മത്സരം നടക്കുന്നത്. ആദ്യ ദിനമായ ഇന്ന് 10 ഫൈനലുകള്‍ നടക്കും. 3000 മീറ്റര്‍ (ആണ്‍കുട്ടികള്‍-പെണ്‍കുട്ടികള്‍), ഷോട്ട് പുട്ട് (ആണ്‍കുട്ടികള്‍-പെണ്‍കുട്ടികള്‍), ഹൈജമ്പ് (ആണ്‍കുട്ടികള്‍), ഡിസ്‌കസ് ത്രോ (ആണ്‍കുട്ടികള്‍), ലോങ് ജമ്പ് (പെണ്‍കുട്ടികള്‍), ജാവലിന്‍ (പെണ്‍കുട്ടികള്‍) ഉള്‍പ്പെടെ ഫൈനലകള്‍ നടക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് നാലിന് നടക്കും.
സുവര്‍ണ പ്രതീക്ഷകളുടെ തേരിലേറി കേരളം
പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ സ്‌കൂള്‍ കായിക മേളയിലെ സുവര്‍ണനക്ഷത്രം അനുമോള്‍ തമ്പിയും സുകന്യയും കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ആദ്യം ട്രാക്കിലിറങ്ങും. പാലക്കാട് പറളിയുടെ സുവര്‍ണതാരം പി.എന്‍ അജിത്താണ് ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷ. ഈ രണ്ടിനങ്ങളിലും കേരളം സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ഫീല്‍ഡിനങ്ങളിലും കേരളം സുവര്‍ണ പ്രതീക്ഷയിലാണ്. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു കേരളത്തിനായി എറിഞ്ഞു നേടാന്‍ ഫീല്‍ഡില്‍ ഇറങ്ങുന്നുണ്ട്. ഡിസ്‌കസ് ത്രോയില്‍ അമല്‍ പി. രാഘവും കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷയാണ്.
പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ കേരളത്തിനായി സുവര്‍ണ നേട്ടം ലക്ഷ്യമിട്ട് ആല്‍ഫി ലൂക്കോസ്, ലിസ്ബത്ത് കരോളിന്‍ ജോസഫ്, രുഗ്മാ ഉദയന്‍ എന്നിവര്‍ പോരാട്ടത്തിനിറങ്ങും. ഈ ഇനത്തില്‍ മൂന്ന് മെഡലുകളും കേരളം ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിന്റേത് 100 അംഗ സൈന്യം
നിലവിലെ ജേതാക്കളായ കേരളത്തിനായി 100 അംഗ കായിക സൈന്യമാണ് ട്രാക്കിലും ഫീല്‍ഡിലും സുവര്‍ണ സ്വപ്നങ്ങളുമായി ഇറങ്ങുന്നത്. 52 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളും ഉള്‍പ്പെട്ടതാണ് കേരള ടീം. രാജ്യാന്തര താരങ്ങളായ ജിസ്‌ന മാത്യു, അബിത മേരി മാനുവല്‍ ഉള്‍പ്പെടെ മികച്ച താരനിരയെ തന്നെയാണ് കേരളം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഗോവയിലെ പനാജിയില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 156 പോയിന്റു നേടിയാണ് കേരളം ചാംപ്യന്‍മാരായത്. കേരളത്തിന് വെല്ലുവിളിയുമായി ഹരിയാനയും ഉത്തര്‍പ്രദേശും തമിഴ്‌നാടും വമ്പന്‍ താരനിരയുമായാണ് തേഞ്ഞിപ്പലത്ത് എത്തിയിരിക്കുന്നത്.
ആദ്യ അഞ്ചു സ്ഥാനക്കാര്‍ക്ക് 5,4,3,2,1 ക്രമത്തില്‍ പോയിന്റ് ലഭിക്കുമെന്ന പ്രത്യേകതയും മീറ്റിനുണ്ട്. കഴിഞ്ഞ തവണ 106 പോയിന്റ് നേടി പെണ്‍കുട്ടികളാണ് കേരളത്തിന്റെ ചാംപ്യന്‍പട്ടത്തിന് കരുത്തേകിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50 പോയിന്റുമായി നാലാമത് എത്താനെ കേരളത്തിന് സാധിച്ചിരുന്നുള്ളൂ. ഓരോ വിഭാഗത്തിലും 20 വീതം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
എം രാമചന്ദ്രന്‍ മാനേജരും എന്‍.കെ രാജീവന്‍, പി ജഗദീഷ്, അഞ്ജു ബെന്നി, നജീഷ് ചാക്കോ എന്നിവരാണ് കേരളത്തിന്റെ പരീശിലകര്‍. കഴിഞ്ഞ 19 മുതല്‍ കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്തിയ കഠിനപരിശീലനവുമായാണ് കേരളം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."