നിരോധിച്ചതിന്റെ 96.5 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐയുടെ കണക്കുകള്‍
ന്യൂഡല്‍ഹി: നിരോധിച്ച 15 ലക്ഷം കോടി രൂപയില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടിനെ എതിര്‍ത്ത ആര്‍.ബി.ഐയില്‍ നിന്നു തന്നെ അതു സാധൂകരിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ആര്‍.ബി.ഐയുടെ വാരിക സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍ എട്ടിന് നിരോധിച്ച നോട്ടുകളില്‍ 54,000 കോടി രൂപ മാത്രമാണ് തിരിച്ചെത്താത്തതെന്ന് കണക്ക് സൂചന നല്‍കുന്നു.
നോട്ട് നിരോധനം വന്നതു മുതല്‍ ഡിസംബര്‍ 19 നു മുന്‍പു മാത്രമാണ് എത്ര പണം തിരിച്ചെത്തിയെന്ന കണക്കുകള്‍ ആര്‍.ബി.ഐ പുറത്തുവിട്ടിരുന്നത്. ഇപ്പോഴും ഇക്കണക്കുകള്‍ കൃത്യമായി പറയുന്നില്ലെങ്കിലും ജനുവരി 13നു പുറത്തിറക്കിയ സ്ഥിതിവിവര കണക്ക് സപ്ലിമെന്റില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
നവംബര്‍ എട്ടിന് രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി അരുണ്‍ റാം മേഗ്വാള്‍ പറഞ്ഞതനുസരിച്ച്, 17,165 മില്യണ്‍ (എണ്ണം) ആയിരത്തിന്റെയും 6,858 എണ്ണം അഞ്ഞൂറിന്റെയും നോട്ടുകളാണ് ചംക്രമണം ചെയ്യുന്നുണ്ടായിരുന്നത്. ഇതിന്റെ മൂല്യം 15.44 ലക്ഷം കോടി വരും. ഇവയാണ് അസാധുവാക്കിയത്.
നവംബര്‍ 10 മുതല്‍ നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും തുടങ്ങി. ഇങ്ങനെ ഡിസംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കുകളിലെത്തിത്തുടങ്ങി.
നവംബര്‍ 18ന് കണക്കുകള്‍ മാറ്റിപ്പറഞ്ഞ് ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട് വന്നു. രാജ്യത്ത് ആകെ ചംക്രമണത്തിലുള്ളത് 14.27 ലക്ഷം കോടി രൂപയാണെന്നായിരുന്നു അത്. ഇതില്‍ 2.51 ലക്ഷം കോടി നിരോധിക്കാത്ത ചെറിയ നോട്ടുകളും പെടും. എന്നാല്‍ ഇന്നുവരെ ഇതില്‍ കൃത്യത വരുത്താന്‍ ആര്‍.ബി.ഐക്കോ സര്‍ക്കാരിനോ ആയിട്ടില്ല.
ഡിസംബര്‍ ഏഴിന് പുതിയ നോട്ടുകള്‍ വിപണിയിലെത്തിയ കണക്കുകള്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പുറത്തുവിട്ടു. നാലു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കിയതായി അദ്ദേഹം പറഞ്ഞു. ഇതില്‍ 500 ന്റെയും 2000 ത്തിന്റെയും കൂടി 2.94 ലക്ഷം കോടിയും മറ്റുള്ള ചെറിയ നോട്ടുകളുടെ പുതിയവ 1.06 ലക്ഷം കോടി രൂപയുമാണ്.
ഡിസംബര്‍ 9ന് ആര്‍.ബി.ഐ നല്‍കിയ കണക്ക് 9.81 കോടി മൂല്യമുള്ള കറന്‍സികള്‍ ചംക്രമണം നടക്കുന്നുണ്ടെന്നായിരുന്നു. ഇതില്‍ നിരോധനത്തിനു മുന്നേയുള്ള 2.51 ലക്ഷം കോടിയുടെ ചെറിയ നോട്ടുകളും 1.06 ലക്ഷം കോടിയുടെ പുതിയ ചെറിയ ഡിനോമിഷന്‍ നോട്ടുകളും 2.94 ലക്ഷം കോടിയുടെ പുതിയ 500, 2000 നോട്ടുകളും പെടുന്നു. മൊത്തം കൂട്ടിയാല്‍ 6.51 ലക്ഷം കോടി.
അതായത്, ഡിസംബര്‍ 9 ന്, 3.29 ലക്ഷം കോടി രൂപ മാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത്. (9.61-6.51). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിരോധിക്കപ്പെട്ട 15.44 ലക്ഷം കോടി രൂപയില്‍ 12.14 ലക്ഷം കോടി ബാങ്കുകളില്‍ അന്നേ ദിവസം വരെ തിരിച്ചെത്തി. ഡിസംബര്‍ 10 വരെയായി 12.44 ലക്ഷം കോടി തിരിച്ചെത്തിയതെന്ന് ഡിസംബര്‍ 13ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ജനുവരി 6നു പുറത്തുവന്ന കണക്കു പ്രകാരം, 8.98 ലക്ഷം കോടി രൂപ ചംക്രമണം ചെയ്യുന്നുണ്ടെന്നാണ്് ആര്‍.ബി.ഐ പറയുന്നത്. ഡിസംബര്‍ 19നു ശേഷം പുതിയ നോട്ടുകളൊന്നും ഇറങ്ങിയിട്ടില്ലെന്നു കണക്കാക്കിയാല്‍- (ഇതു സാധ്യമല്ല)- അന്നു വരെ ഇറങ്ങിയ പുതിയ നോട്ടുകള്‍ പഴയ ചെറിയ ഡിനോമിനേഷന്‍ നോട്ടുകളുമായി കൂട്ടി നോക്കുമ്പോള്‍ (5.93 ലക്ഷം കോടി + 2.51 ലക്ഷം കോടി) 8.44 ലക്ഷം കോടി രൂപ വരും.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വെറും 54,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത്. (8.98- 8.44). ആര്‍.ബി.ഐയുടെ കണക്കു പ്രകാരം നിരോധിച്ച 14.90 ലക്ഷം കോടി രൂപയും അല്ലെങ്കില്‍ 96.5 ശതമാനവും തിരിച്ചെത്തി. എന്നാല്‍ ഡിസംബര്‍ 19നു ശേഷം എത്ര നോട്ടുകള്‍ പുതുതായി ഇറക്കിയെന്ന് വ്യക്തമാക്കിയാല്‍ മാത്രമാണ് കണക്കുകള്‍ കൃത്യമായി പുറത്തുവരൂ.
ഇതു തന്നെയായിരിക്കുമോ കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ ആര്‍.ബി.ഐ തയ്യാറാവാത്തത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."