വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ബഹ്‌റൈനില്‍
മനാമ : ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തി. മനാമ ക്രൗണ്‍ പ്ലാസയിലെ ബഹ്‌റൈന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ സലാം ബഹ്‌റിന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇന്ത്യയും ബഹ്‌റൈനുമായി നിലനില്‍ക്കുന്ന ദൃഢമായ ഉഭയകക്ഷി ബന്ധത്തില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലുള്ള ഇന്ത്യന്‍ സമൂഹത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രവാസി സമൂഹത്തിന്റെ പ്രശ്‌ന പരിഹാരം ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും ശ്രദ്ധ ചെലുത്തുമെന്നും, ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായുള്ള ബന്ധം കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള അടിത്തറയാണെന്ന് ഷൈഖാ ഡോ. റാണ ബിന്ത് ഇസ അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. 2015ലെ കണക്കുകള്‍ പ്രകാരം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കച്ചവടം 242 മില്യണ്‍ ദിനാര്‍ കടന്നു കഴിഞ്ഞു. ശക്തമായ അടിത്തറ ഉള്ളതിനാല്‍ തന്നെ കൂടുതല്‍ നിക്ഷേപങ്ങളും, വാണിജ്യ സഹകരണവും രാജ്യങ്ങള്‍ക്കിടയില്‍ കെട്ടിപ്പടുക്കാനാകുമെന്ന് അവര്‍ പറഞ്ഞു.
ഭാവിയിലെ വികസനം മുന്‍നിര്‍ത്തി ഇന്ത്യയുമായി കൂടുതല്‍ വാണിജ്യ-നിക്ഷേപ ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള അറബ് ആന്റ് ആഫ്രോ ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷൈഖാ ഡോ. റാണ ബിന്ത് ഇസ അല്‍ ഖലീഫ, ബഹ്‌റിനിലെ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ, വ്യവസായിയായ മുഹമ്മദ് ദാദാഭായ്, മറ്റ് പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."