യു.പിയുടെ വിധിയെഴുതുന്നത് എന്ത്
ഇന്ത്യയുടെ രാഷ്ട്രീയസിരാകേന്ദ്രമായ ഉത്തര്‍പ്രദേശില്‍ നിയമസഭാപോര് നടക്കുന്നതു പ്രധാനമായും രണ്ടുഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതിച്ഛായയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലും.
ജാതി,വര്‍ണ,വര്‍ഗപ്രചാരണം നടത്തരുതെന്ന സുപ്രിംകോടതി വിധി വന്നിരിക്കേ ബി.ജെ.പിക്ക് പഴയപടി ഹിന്ദുത്വകാര്‍ഡ് കളിക്കാനാവില്ല. മായാവതിക്ക് മുസ്‌ലിം-ദലിത് കാര്‍ഡും ഇറക്കാനാവില്ല.
ഏകസിവില്‍കോഡ് ഉള്‍പ്പെടെയുള്ളവ ചര്‍ച്ചചെയ്യപ്പെടുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. അതുകൊണ്ടു ന്യൂനപക്ഷനിലപാടു നിര്‍ണായകമാവും. 2007 വരെ തൂക്കുസഭയിലേയ്ക്കാണു യു.പി തെരഞ്ഞെടുപ്പുകള്‍ നയിച്ചിരുന്നത്. ഇത്തവണയും തൂക്കുസഭ ഉണ്ടായിക്കൂടെന്നില്ല. സംസ്ഥാനത്തെമാത്രം ബാധിക്കുന്ന പ്രശ്‌നത്തില്‍ അധിഷ്ഠിതമല്ല ഇത്തവണ തെരഞ്ഞെടുപ്പ് എന്നതാണു കാരണം.
ഉത്തര്‍പ്രദേശിന്റെ പ്രാധാന്യം
വികാരവും വിചാരവും സംഘര്‍ഷവുംകൊണ്ടു വാര്‍ത്തകളില്‍ നിറയുന്ന സംസ്ഥാനമാണു യു.പി. ഇന്ത്യയിലെ ഏറ്റവും വലിയ ഈ സംസ്ഥാനമാണ് രാജ്യത്തിന്റെ ഭരണാധികാരിയെ നിര്‍ണയിക്കാറ്. 80 ലോക്‌സഭാ സീറ്റുകളുള്ള ഇവിടെനിന്നാണ് ബി.ജെ.പിയുടെ നാലിലൊന്നു ലോക്‌സഭാംഗങ്ങളും. ഈ വര്‍ഷം രാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കാനിരിക്കേ യു.പിയിലെ വിധി കേന്ദ്രത്തിനു നിര്‍ണായകമാണ്. ചതുഷ്‌കോണ മത്സരമായാല്‍ ഓരോ മണ്ഡലത്തിലും 25-30 ശതമാനം വോട്ടു നേടുന്ന പാര്‍ട്ടിക്കാവും വിജയം.
യു.പി. തെരഞ്ഞെടുപ്പ് പലതിലേയ്ക്കുമുള്ള സൂചനയാണ്. മോദിക്കു പ്രധാനമന്ത്രിപദത്തില്‍ രണ്ടാംവട്ടം എത്താനാകുമോയെന്ന് ഈ തെരഞ്ഞെടുപ്പുഫലത്തിലൂടെ അറിയാം. ഇടക്കാലത്ത് രാഷ്ട്രീയത്തില്‍നിന്നു നിഷ്‌കാസിതനാകുന്ന ഘട്ടത്തിലെത്തിയിരുന്ന, കോണ്‍ഗ്രസുകാര്‍പോലും കൈയൊഴിയുമെന്ന അവസ്ഥയിലെത്തിയിരുന്ന രാഹുല്‍ഗാന്ധിക്ക് എല്ലാം തിരിച്ചുപിടിക്കാനാകുമോയെന്നും ഇതില്‍നിന്നറിയാം.
നിതീഷ്‌കുമാറിനും മമതാ ബാനര്‍ജിക്കും മുലായംസിങ് യാദവിനും വലിയ മോഹം സഫലീകരിക്കാനാകുമോയെന്നും മായാവതിക്ക് ഇനിയൊരു അങ്കത്തിനു ബാല്യമുണ്ടോയെന്നും അറിയാം.
2012 ലെ സീറ്റു നില
കഴിഞ്ഞതവണ 403 സീറ്റുകളില്‍ 229 എണ്ണമാണു സമാജ്‌വാദി പാര്‍ട്ടി കൈക്കലാക്കിയത്. ബി.എസ്.പിക്കു ലഭിച്ചത് 80 സീറ്റ്. ബി.ജെ.പി 41 ല്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 28. സ്വതന്ത്രരും ചെറുപാര്‍ട്ടികളും ചേര്‍ന്ന് 23 സീറ്റു നേടി. സമാജ്‌വാദി 29.15 ഉം ബി.എസ്.പി 25.91, ബി.ജെ.പി 15 ഉം കോണ്‍ഗ്രസ് 11.63 ഉം ശതമാനമാണ് വോട്ടുകള്‍ നേടിയത്.
പശ്ചിമ യു.പിയില്‍ ബി.ജെ.പിയും എസ്.പിയും ബി.എസ്.പിയും തുല്യശക്തരാണെങ്കില്‍ അവഥിലും റോഹില്‍ഖണ്ഡിലും പൂര്‍വാഞ്ചലിലും എസ്.പിക്കാണു മുന്‍തൂക്കം. ബുന്ദല്‍ഖണ്ഡില്‍ ബി.എസ്.പി. തെരഞ്ഞെടുപ്പടുക്കുന്നതോടെ ഈ മേഖലകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കുന്ന പാര്‍ട്ടികള്‍ക്കാവും വിജയം. പ്രത്യേകിച്ചു പൂര്‍വാഞ്ചലും മുസഫര്‍നഗറും ഷംലിയും ഉള്‍പ്പെട്ട പശ്ചിമ യു.പി നിര്‍ണായകമാകും.
സമാജ് വാദി പാര്‍ട്ടി
എസ്.പിക്ക് അഖിലേഷ് യാദവിന്റെ പ്രതിച്ഛായ വഴി ഒരിക്കല്‍കൂടി ഭരണത്തിലെത്താനാകുമായിരുന്നു. എന്നാല്‍, കുടുംബവഴക്കില്‍ നട്ടംതിരിയുന്ന പാര്‍ട്ടിക്ക് അതിനാവില്ലെന്നാണു വിലയിരുത്തല്‍. അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ച തീര്‍ത്താലും അണികള്‍ തമ്മിലുണ്ടായ ശത്രുത തീര്‍ക്കാവുന്നതിനപ്പുറത്താണ്. എങ്കിലും, പ്രതിച്ഛായയും വന്‍കിടപദ്ധതികള്‍ നടപ്പാക്കിയതും വാഗ്ദാനങ്ങള്‍ നടപ്പാക്കിയതും ലാപ്‌ടോപും മറ്റും വിതരണംചെയ്തതും സ്മാര്‍ട്ട് ഫോണുകള്‍ വിതരണംചെയ്യാമെന്ന വാഗ്ദാനവും അഖിലേഷിനു തുണയാകും. അതേസമയം, ക്രമസമാധാന പ്രശ്‌നവും വര്‍ഗീയകലാപവും ഭരണവിരുദ്ധവികാരവും കുടുംബവഴക്കും കാലിടറാന്‍ കാരണമാകും.
സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്ക് മുസ്‌ലിംകളാണ്. പാര്‍ട്ടിയിലെ കുടുംബവഴക്കിനെ ശ്രദ്ധാപൂര്‍വമാണ് അവര്‍ വീക്ഷിക്കുന്നത്. കോണ്‍ഗ്രസുമായി എസ്.പിക്കു സഖ്യമുണ്ടാക്കാനായാല്‍ അധികാരത്തിലെത്തുമെന്ന് അവര്‍ കരുതുന്നുണ്ട്. തോല്‍ക്കുമെന്നുതോന്നിയാല്‍ അഖിലേഷിനെ അവരും കൈവിടും. എസ്.പിയില്‍ വിശ്വാസംനഷ്ടപ്പെട്ടാല്‍ അവര്‍ ബി.എസ്.പിയിലേയ്ക്ക് തിരിയും.
മായാവതിയുടെ ബി.എസ്.പി
പാര്‍ട്ടിയിലെ മുതിര്‍ന്നനേതാക്കള്‍ കളംവിട്ടത് ബഹുജന്‍ സമാജ് പാര്‍ട്ടിയെ അലട്ടുന്നുണ്ട്. എന്നാല്‍, വീരവനിതയെന്ന പരിവേഷമുള്ള മായാവതിക്കു ന്യൂനപക്ഷ വോട്ടുകള്‍ കൂടെക്കൂട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. ഭരണവിരുദ്ധവികാരവും നോട്ട് അസാധുവാക്കലും കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധനിലപാടും ബി.എസ്.പിക്ക് ആയുധമാണ്. സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കു ഗുണകരമാണ്. ദലിത് വോട്ടാണടിത്തറ. 21.5 ശതമാനം വരുന്ന ഈ വോട്ടിനൊപ്പം മുസ് ലിംവോട്ടുകൂടി ചേര്‍ന്നാല്‍ 2007ലെപ്പോലെ ജയിച്ചുകയറാം. എന്നാല്‍, ബ്രാഹ്മണവോട്ട് വിഘടിച്ചുപോയതു ക്ഷീണമാണ്.
മോദിയുടെ ബി.ജെ.പി
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖം നരേന്ദ്രമോദിയാണ്. വാരണാസിയില്‍ നിന്നുള്ള ലോക്‌സഭാംഗമായതിനാല്‍ ഉത്തര്‍പ്രദേശില്‍ തോല്‍ക്കുന്നത് ആത്മഹത്യാപരമാണെന്നു മോദിക്കറിയാം. 2014 ലെ ലോക്‌സഭാവിജയം നിയമസഭയിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണവര്‍. നോട്ട് അസാധുവാക്കിയതാണു പ്രചാരണായുധം. നോട്ടസാധുവാക്കല്‍ കള്ളപ്പണത്തിനെതിരേയും കള്ളനോട്ടിനെതിരേയുമാണെന്നു പറഞ്ഞതു ജനങ്ങള്‍ ആദ്യം വിശ്വസിച്ചിരുന്നു. ദുരിതം പെട്ടെന്നു തീരുമെന്നും പ്രതീക്ഷിച്ചു. അതു പരിഹരിക്കാത്തതു വിനയാകും.
പ്രതിപക്ഷപ്രതിരോധത്തെ മറികടന്ന് നോട്ട് അസാധുവാക്കല്‍ ജനനന്മയ്ക്കാണെന്നു വിശ്വസിപ്പിക്കാനായാലേ ബി.ജെ.പിക്കു രക്ഷയുള്ളൂ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 328 നിയമസഭാ മണ്ഡലങ്ങളുള്‍ക്കൊള്ളുന്ന 71 ലോക്‌സഭാസീറ്റുകളാണ് (81 ശതമാനം) ബി.ജെ.പി കരസ്ഥമാക്കിയത്. ഇതിനുമുമ്പ് ഇത്തരമൊരുവിജയം നേടിയത് (80 ശതമാനം) അടിയന്തരാവസ്ഥയ്ക്കുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയായിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 403 ല്‍ 253 ഇടത്തായി 40 ശതമാനം വോട്ട് നേടിയാണു ബി.ജെ.പി വിജയിച്ചത്. ഇതില്‍ 15 ശതമാനം വോട്ട് നഷ്ടപ്പെട്ടാല്‍ ബി.ജെ.പി അടിയറവു പറയും.
രാഹുലിന്റെ കോണ്‍ഗ്രസ്
40 വര്‍ഷത്തോളം ഭരിച്ച സംസ്ഥാനത്ത് ഒരിക്കല്‍കൂടി ഭരണത്തിലെത്താന്‍ സാധ്യത വിദൂരമാണ്. 1990 മുതല്‍ തെരഞ്ഞെടുപ്പില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായിരിക്കുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ്. നിതീഷിനെ ഭരണത്തിലെത്തിക്കാന്‍ തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ചുമതലയേല്‍പിച്ചിരുന്നു. ബിഹാറില്‍ ലാലുവും നിതീഷും ഒന്നുചേര്‍ന്നതാണ് വിജയമൊരുക്കിയതെന്നിരിക്കേ മഹാസഖ്യമില്ലാത്തതിനാല്‍ അത്ഭുതങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല. സഖ്യത്തിലേര്‍പ്പെടാനായില്ലെങ്കില്‍ കോണ്‍ഗ്രസ് നാലാംസ്ഥാനംകൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടിവരും. പ്രിയങ്കാഗാന്ധിയെ ഇറക്കിയുള്ള വോട്ടുപിടിത്തം ഓളമുണ്ടാക്കുമെങ്കിലും വോട്ടാവുമോയെന്നു കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."