'ഈ കരങ്ങള്‍ക്ക് കരുത്തു പകരാം'
ഇന്ന് ലോക പെയിന്‍ ആന്റ് പാലിയേറ്റീവ് ദിനം
ചികിത്സ കൊണ്ട് ഭേദപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണവും ക്രിയാത്മകവുമായ പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. എല്ലാ ദീര്‍ഘകാല രോഗികളുടെ കാര്യത്തിലും പാലിയേറ്റീവ് പരിചരണം പ്രസക്തമാണെങ്കിലും ഭേദപ്പെടുത്താനുള്ള ചികിത്സ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്ത അവസാന കാലഘട്ടത്തിലാണ് ഇത് കൂടുതല്‍ ആവശ്യമായി വരുന്നത്. ഈ അവസ്ഥയില്‍ രോഗികളും അവരുടെ കുടുംബവും അനുഭവിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ പ്രയാസങ്ങള്‍ കഴിയുന്നത്ര കുറച്ചു കൊടുക്കുക എന്നതാണ് പാലിയേറ്റീവ് പരിചരണത്തിന്റ ലക്ഷ്യം. അതു വഴി ഈ രോഗികളുടെ ശിഷ്ട ജീവിതം കഴിയുന്നത്ര പ്രയാസമകറ്റി അര്‍ഥ പൂര്‍ണമാക്കുവാന്‍ കഴിയും. തങ്ങളുടെ പ്രദേശത്തുള്ള മാറാരോഗികളെ പരിചരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് നമ്മുടെ നാട്ടിലെ പാലിയേറ്റീവ് കെയറുകളുടെ വളര്‍ച്ചക്ക് കാരണം. രോഗികളുടെ സാന്ത്വന പരിചരണം ലാഭേച്ഛയില്ലാതെ ചെയ്യുന്ന ഒരു പാടുപേരുണ്ട് നമുക്കിടയില്‍. ജില്ലയിലെ മിക്കയിടങ്ങളിലും ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമായി പെയിന്‍ ആന്റ് പാലിയേറ്റീവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൂട്ടായ്മകളെ കുറിച്ചുള്ള വാര്‍ത്തകളിലൂടെ...
അവര്‍ക്കായി നാടൊന്നിച്ചപ്പോള്‍ അവര്‍ വേദനകള്‍ മറന്നു
കാവുംമന്ദം: നാലു ചുമരുകള്‍ക്കിടയില്‍ വേദനയനുഭവിച്ചു കൊണ്ട് കിടക്കുന്ന പാലിയേറ്റീവ് രോഗികള്‍ക്ക് ആശ്വാസവും സന്തോഷവും പകര്‍ന്ന് കൊണ്ട് ഒരു സംഗമം. സൗഹൃദങ്ങള്‍ പങ്കുവച്ചും കലാ പ്രകടനങ്ങള്‍ ആസ്വദിച്ചും പാട്ടുകള്‍ പാടിയും ഒരു ദിനം ഒരുക്കിയത് തരിയോട് പഞ്ചായത്ത് പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയാണ്. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികളും വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 'ഒരുമിക്കാം ഇവര്‍ക്ക് വേണ്ടി' പാലിയേറ്റീവ് രോഗീബന്ധു സംഗമം ഒരു നാടിന്റെ ഉത്സവമായി മാറി. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും മറ്റ് കലാകാരന്മാരും അവതരിപ്പിച്ച കലാ പരിപാടികളും സംഗമത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് റിയാലിറ്റി ഷോ ഗായകരെ അടക്കം ഉള്‍പ്പെടുത്തി സിംഫണി ഓര്‍ക്കസ്ട്ര സൗജന്യമായി അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. രോഗികളുടെ അനുഭവം പങ്കുവെക്കല്‍ ഏറെ ഹൃദ്യമായി. രാവിലെ വീടുകളിലെത്തി വാഹനങ്ങളിലും അതിന് സാധിക്കാത്തവരെ എടുത്തും സംഗമത്തിന് എത്തിച്ച് രോഗികള്‍ക്ക് നല്ല സമ്മാനങ്ങള്‍ നല്‍കിയാണ് വീടുകളില്‍ തിരിച്ചെത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സ്‌കൗട്ട് ആന്റ് ഗൈഡുകളും, റെഡ്‌ക്രോസ്, വിവിധ ക്ലബുകളും പാലിയേറ്റീവ് വളണ്ടിയര്‍മാരും കുടുംബശ്രീ അംഗങ്ങളും ആദ്യാവസാനം കര്‍മനിരതരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷയായ ചടങ്ങ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളും സ്‌കൂളുകളും പരിപാടിയിലേക്ക് സമാഹരിച്ച തുക കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ ഏറ്റുവാങ്ങി. എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് മുഖ്യാതിഥിയായി. മെഡിക്കല്‍ ഓഫിസര്‍ ഡോ വിജേഷ് എം.വി സ്വാഗതം പറഞ്ഞു. കെ.വി ചന്ദ്രശേഖരന്‍, ജിന്‍സി സണ്ണി, സിന്ധു ഷിബു, ഷീജ ആന്റണി, ആന്‍സി ആന്റണി, ബിന്ദു ചന്ദ്രന്‍, കെ.വി സന്തോഷ്, ഗിരിജ സുന്ദരന്‍, പി.ആര്‍ വിജയന്‍, പി.എ ഇബ്രാഹിം സംസാരിച്ചു.
ജ്യോതിസായി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍
മേപ്പാടി: സാന്ത്വന പരിചരണത്തില്‍ ജില്ലയില്‍ തന്നെ മാതൃകാ പരമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂനിറ്റാണ് ജ്യോതി പെയിന്റ് ആന്റ് പാലിയേറ്റീവ് കെയര്‍.
2004ല്‍ വൈത്തിരി ചേലോട് ഗുഡ് ഷെപ്പേര്‍ട് ആശുപത്രിയുടെ സഹകരണത്തോടെ പ്രവര്‍ത്തനം ആരംഭിക്കുകയും 2006ല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘമാണിത്. 1100 ഓളം രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കി വരുന്നു. ഹോം കെയറും ജ്യോതി പെയിന്റ് ആന്റ് പാലിയേറ്റീവ് കെയര്‍ നല്‍കി വരുന്നു. സ്വന്തമായി ക്ലിനിക്കിന് വേണ്ടി ഭൂമി വാങ്ങിയെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്വന്തമായി ആംബുലന്‍സുണ്ട്. 40 ഓളം സജീവ പ്രവര്‍ത്തകരുണ്ട് പാലിയേറ്റീവ് കെയറിന് കീഴില്‍. കൂടാതെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും വളണ്ടിയര്‍മാരുണ്ട്.
പൊതുജനങ്ങളുടെ പിന്തുണയാണ് എടുത്ത് പറയേണ്ടത്. രണ്ട് മാസം മുന്‍പ് മേപ്പാടിയില്‍ നടന്ന വളണ്ടിയര്‍ മീറ്റിങ് വിജയിപ്പിക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. സി.എച്ച് സുബൈര്‍, തോമസ് മാസ്റ്റര്‍ നേതൃത്വം നല്‍കുന്നത്.
മീനങ്ങാടിയുടെ കൃപ
മീനങ്ങാടി: സാന്ത്വന-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സന്നദ്ധ സംഘടനകളുള്ള മീനങ്ങാടിയില്‍ രോഗികള്‍ക്ക് ആശ്വാസമായി മീനങ്ങാടി കൃപ പെയിന്‍ ആന്റ് പാലിയേറ്റീവ്.
കൃപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന നാട്ടുകാരുടെ ഏലിയാസേട്ടനും കൂട്ടരും നാട്ടിലെ വേദനിക്കുന്നവര്‍ക്ക് കൈത്താങ്ങാവുമ്പോള്‍, മറ്റ് സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വരെ കരുത്ത് പകരാന്‍ കൃപക്ക് കഴിയുന്നു.
രോഗികള്‍ക്കാവശ്യമായി വരുന്ന വാട്ടര്‍ ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍ സംവിധാനങ്ങളും കൃപ ഒരുക്കിയിട്ടുണ്ട്.
തവിഞ്ഞാലിന് തണലായി 'തണല്‍'
തലപ്പുഴ: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ 'തണല്‍' രോഗികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ 416 രോഗികള്‍ പഞ്ചായത്തിലുണ്ട്. കാര്‍ഷിക സംസ്‌കൃതി തൊഴിലായി മാറിയപ്പോള്‍ കൃഷിയിടങ്ങളില്‍ അനിയന്ത്രിതമായ കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം തവിഞ്ഞാല്‍ പഞ്ചായത്തിന് സമ്മാനിക്കുന്നത് അസംഖ്യം അര്‍ബുദ രോഗികളെയാണ്.
2011 മാര്‍ച്ച് 11നാണ് തണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയില്‍ നിന്നും തിരിച്ചയച്ച രോഗികളുടെ സംരക്ഷണവും ശുശ്രൂഷയുമാണ് സൊസൈറ്റി ഏറ്റെടുക്കുന്നത്. അഭ്യുദയാകാംക്ഷികളുടെ സഹായസഹകരണങ്ങള്‍ കൊണ്ടാണ് തണല്‍ മുന്‍പോട്ട് ചലിക്കുന്നത്. തലപ്പുഴയിലെ വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി ധാരാളം ആളുകള്‍ 'തണലി'ന്റെ പ്രവര്‍ത്തനവുമായി സഹകരിച്ചു പോരുന്നു. മുതിരേരിയിലെ മൂപ്പാടന്‍ സണ്ണി സൊസൈറ്റിക്ക് നല്‍കിയ ജീപ്പ് ഏറെ ഉപകാരമാണ്. കാനറാ ബാങ്ക് നല്‍കിയ വീല്‍ചെയറുകളും ചില വ്യക്തികളുടെ സംഭാവനയായി ലഭിച്ച എയര്‍വാട്ടര്‍ ബെഡുകളും രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ തണല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പഞ്ചായത്ത് ആംബുലന്‍സ് വിട്ടു തരുന്നതും ഗുണമാണ്. രണ്ടുമാസം മുന്‍പ് വരെ ഒ.പി നടത്തിയിരുന്നു. ഡോക്ടര്‍ അനൂപ് മാത്യുവിന്റെ സൗജന്യ സേവനം രോഗികള്‍ക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ അംഗീകൃത ഫാര്‍മസിസ്റ്റിനെ നിയമിക്കാതെ ഒ.പി നടത്താന്‍ പാടില്ലെന്ന നിയമം കാരണം ഒ.പി നിര്‍ത്തി വെക്കേണ്ടി വന്നു. ഇപ്പോള്‍ ഹോംകെയര്‍ കൃത്യമായി നടക്കുന്നുണ്ട്. ആകെ 346 രോഗികള്‍ തണലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പതോളം കാന്‍സര്‍ രോഗികളും മറ്റുള്ളവര്‍ വാര്‍ധക്യ സഹജമായ രോഗങ്ങളോ കിഡ്‌നി സംബന്ധമായ രോഗിമോ ഉള്ളവരാണ്. കനിവ് വറ്റാത്ത ഹൃദയങ്ങളാണ് തണലിനെ മുന്നോട്ട് നയിക്കുന്നത്.
ആശയറ്റവര്‍ക്ക് പ്രതീക്ഷയേകി 'ആശ്രയ'
പനമരം: വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടി ജീവിതത്തിന്റെ ആശകളറ്റ് കഴിയുന്നവരുടെ ആശാ കേന്ദ്രമാണ് ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റീവ്. 2004ല്‍ ആരംഭിച്ച് 13 വര്‍ഷത്തെ സേവനം കൊണ്ട് നൂറുകണക്കിന് രോഗികള്‍ക്കാണ് ആശ്രയ തുണയായത്. സഹജീവികളുടെ വേദന അറിയുന്ന അഞ്ചു പേരാണ് ആശ്രയക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പനമരം സി.എച്ച്.സിയിലെ ഡോക്ടര്‍ ചന്ദ്രശേഖരന്റെ താല്‍പര്യ പ്രകാരം യൂനിറ്റിന്റെ പ്രവര്‍ത്തനം ആശുപത്രിയുടെ പുറക് വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.
തുടക്കത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സക്ക് അവശ്യമായ മരുന്നിന്റെ പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ സ്വന്തം പണം കൊടുത്ത് മരുന്ന് വാങ്ങി നല്‍കുകയും പ്രതിഫലം വാങ്ങാതെ രോഗികളെ ആഴ്ചയില്‍ ഒരിക്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് പരിശോധന നടത്തി മാതൃക കാണിക്കുകയും ചെയ്ത ഡോക്ടറായിരുന്നു ചന്ദ്രശേഖരന്‍.
1200ഓളം രോഗികളാണ് ആശ്രയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും കാന്‍സറിന്റെ ദുരിതമനുഭവിക്കുന്നവരാണ്. നിലവില്‍ 180 പേര്‍ ക്ലിനിക്കിന്റെ പരിചരണത്തിലുണ്ട.് കൂടാതെ പ്രയാധിക്യം മൂലം അവശതയനുഭവിക്കുന്നവര്‍, ബീഡി രോഗം, പക്ഷാഘാതം മൂലം കിടപ്പിലായവര്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍ തുടങ്ങിയ രോഗികള്‍ക്കും ക്ലിനിക്കിന്റെ നേതൃത്വത്തില്‍ പരിചരണം നല്‍കുന്നുണ്ട്. ആഴ്ചയില്‍ ഒരു കാന്‍സര്‍ രോഗിക്ക് മരുന്നിന് 800 മുതല്‍ 1500 രൂപ വരെ വേണം. ഇതിനുള്ള ചെലവുകള്‍ കണ്ടെത്തുന്നത് ടൗണില്‍ നടത്തുന്ന പിരിവുകളില്‍ നിന്നും സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന സംഭാവനകളില്‍ നിന്നുമാണ്. രോഗികളുടെ ആവശ്യത്തിന് സംഘത്തിന് സ്വകാര്യവ്യക്തി ആംബുലന്‍സ് സൗജന്യമായി നല്‍കിയിട്ടുണ്ട്.
ചില കാരണങ്ങളാല്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് മാറി സ്വകാര്യ കെട്ടിടത്തില്‍ വാടക നല്‍കിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ഉദാരമതികളുടെ സഹായം കൊണ്ട് ആശുപത്രിക്ക് സമീപം തന്നെ സ്ഥലം വാങ്ങിയിട്ടുണ്ട്. അഞ്ചു പേരാല്‍ തുടങ്ങിയ സംഘത്തില്‍ ഇന്ന് സദാ സേവന സന്നദ്ധരായ 30ഓളം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെ ഇവര്‍ക്ക് നേതൃത്വം നല്‍കി പ്രസിഡന്റ് കന്നാളി മുഹമ്മദ്, സെക്രട്ടറി കുനിയില്‍ പോക്കു, ട്രഷറര്‍ ഇന്ദിര എന്നിവരും കൂടെയുണ്ട്. സ്വന്തം കെട്ടിടത്തില്‍ രോഗികള്‍ക്ക് തുണയാകാന്‍ സന്മനസ്സുകളുടെ സഹായമാണിവര്‍ക്കിനി വേണ്ടത്.
ഡബ്ല്യു.ഐ.പിയുടെ പാലിയേറ്റീവ് ദിനാചരണം ഇന്ന്
കല്‍പ്പറ്റ: വയനാട് ഇന്യഷേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ (ഡബ്ല്യു.ഐ.പി) ആഭിമുഖ്യത്തില്‍ ഇന്ന് പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോസ്റ്റര്‍ പതിക്കല്‍, ലഘുലേഖാവിതരണം, ബോധവത്ക്കരണക്ലാസുകള്‍, വളണ്ടിയര്‍ പരിശീലനം, വിളംബരജാഥ, സ്‌കൂള്‍തലത്തില്‍ സ്റ്റുഡന്‍സ് ഇനഷേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മ രൂപികരണം എന്നിവയെല്ലാം ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. വയനാട് ഇന്യഷേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന് കീഴിലായി 20 പാലിയേറ്റീവ് യൂനിറ്റുകളാണ് ജില്ലയിലുള്ളത്. 50തിലധികം സജീവ വളണ്ടിയര്‍മാരാണുള്ളത്. രോഗപരിശോധന, മരുന്ന് വിതരണം, സ്വാന്തനപരിചരണങ്ങള്‍, ഭക്ഷ്യധാന്യവിതരണം, മറ്റ് സഹായങ്ങള്‍ എന്നിവ പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഒ.പികളിലൂടെയും കിടപ്പിലായ രോഗികള്‍ക്ക് വീടുകളില്‍ ചെന്നും പരിചരണം നല്‍കുന്നു. നിര്‍ധനരായ മുഴുവന്‍ രോഗികള്‍ക്കും ആവശ്യമായ മരുന്നുകളും കിഡ്‌നിരോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും വിവിധ യൂനിറ്റുകള്‍ നല്‍കുന്നുണ്ട്.
2016 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള 1915 പേരാണ് പാലിയേറ്റീവ് പരിചരണത്തിനായി സംഘടനക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. കാന്‍സര്‍ രോഗികളായി 790 പേരും വാര്‍ധക്യ സഹജരോഗികളായി 210 പേരും മാനസികരോഗികളായ 52 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെയര്‍മാന്‍ ഗഫൂര്‍ താനേരി, ജനറല്‍ സെക്രട്ടറി സി.എച്ച് സുബൈര്‍, കെ.കെ ചന്ദ്രശേഖരന്‍, ടി.എസ് ബാബു, ഇസ്മയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വേദനകള്‍ മറന്ന് അവര്‍ ഒത്തുകൂടി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും പടിഞ്ഞാറത്തറ സംസ്‌കാര പെയിന്‍ ആന്റ് പാലിയേറ്റിവിന്റെയും കുപ്പാടിത്തറ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനാചരണത്തിന്റെ മുന്നോടിയായി രോഗി-ബന്ധു സംഗമം സംഘടിപ്പിച്ചു. വിവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും പ്രായാധിക്യത്താലുള്ള അവശതകളും മറന്ന് നൂറില്‍പ്പരം വയോധികരാണ് രോഗിബന്ധു സംഗമത്തില്‍ പങ്കെടുത്തത്. നാടന്‍പാട്ട്, ശശി മീനങ്ങാടി ടീം അവതരിപ്പിച്ച മാജിക് ഷോ, പടിഞ്ഞാറത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മോണോആക്ട് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ സംഗമത്തിന് സന്തോഷവും ആവേശവും പകര്‍ന്നു.
സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വര്‍ഗീസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ മുഖ്യ പ്രഭാഷണവും നടത്തി. സംഗമത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്തിനി ഷാജി, എം.പി നൗഷാദ്, മെമ്പര്‍മാരായ ഹാരിസ് കണ്ടിയന്‍, ജോസഫ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന സംസാരിച്ചു. പാലിയേറ്റീവ് നഴ്‌സ് സെലിന്‍ നന്ദി പറഞ്ഞു.
ശാന്തി പകര്‍ന്ന് ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ്
കല്‍പ്പറ്റ: കല്‍പ്പറ്റക്കാരുടെ വേദനകളും ഒപ്പം ജില്ലയുടെ പലഭാഗത്ത് നിന്നുള്ളവരുടെ വേദനകള്‍ക്കും ശാന്തി പകരുകയാണ് ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍. ജില്ലയില്‍ തന്നെ ഏറ്റവും അധികം രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ഈ പാലിയേറ്റീവ് കെയര്‍ 2004ലാണ് ആരംഭിച്ചത്. കല്‍പ്പറ്റക്കാരുടെ ജനകീയ കൂട്ടായ്മയായി ആരംഭിച്ച സ്ഥാപനം ഇന്ന് വേദനിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്രയമാകുന്നത്.
കല്‍പ്പറ്റയിലെ വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, നഗരസഭ, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ഫഌവര്‍ഷോ തുടങ്ങിയവരുടെ സാമ്പത്തിക സഹായമാണ് ശാന്തിയുടെ ശക്തി. 40 വളണ്ടിയര്‍മാരാണ് ശാന്തിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2008ല്‍ ശാന്തിക്ക് കീഴില്‍ ഡോ. മനോജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൈക്യാടിക് സെന്ററും 2012ല്‍ 10 മെഷീനുകളോടെ ആരംഭിച്ച ഡയാലിസിസ് സെന്ററും ജില്ലയിലെ നിരവധി രോഗികള്‍ക്കാണ് സാന്ത്വനമേകുന്നത്. ഗുരുവായൂരിലെ ഉമ േ്രപമന്‍ നല്‍കിയ ആറ് മെഷീനുകളും ശാന്തി വാങ്ങിയ രണ്ടും മാതൃഭൂമി, എം.ജെ വിജയപത്മന്‍ എന്നിവര്‍ക്ക് നല്‍കിയ രണ്ട് മെഷീനുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ 28 ഷിഫ്റ്റുകളായാണ് ഇവിടെ ഡയാലിസിസ് നടക്കുന്നത്. ഇതിന് വയനാട് സി.എച്ച് സെന്ററിന്റെ നിസ്വാര്‍ഥ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍ നിന്ന് 650 രൂപ നിരക്കില്‍ ഈടാക്കുന്നുണ്ട്.
തിങ്കളാഴ്ചകളില്‍ 480ലധികം രോഗികളെ ഇവര്‍ വീട്ടിലെത്തി പരിചരിക്കും. മാസത്തിലൊരിക്കല്‍ ഇവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കാനായി വീട്ടിലെത്തും. എല്ലാ വ്യാഴാഴ്ചയും കെയറില്‍ ഡോക്ടറുടെ ഒ.പി ഉണ്ട്. ഇവര്‍ക്കായി കല്‍പ്പറ്റയിലെ സുമനസുകളുടെ വകയായി സൗജന്യ ഭക്ഷണവും നല്‍കിവരുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന് 1800 രൂപയാണ് ചിലവ് വരുന്നത്. പിണങ്ങോട് റോഡില്‍ 30 സെന്റ് സ്ഥലത്ത് 8000 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിലാണ് ശാന്തി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനായി കൊട്ടാരം രത്‌നം-തങ്കം രത്‌നം ദമ്പതികള്‍ സൗജന്യമായി നല്‍കിയതാണ് ഈ സ്ഥലം.
ഇതില്‍ ഡയാലിസിസ് സെന്ററിന് പുറമെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള ട്രെയിനിങ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് റേഷന്‍ സപ്പോര്‍ട്ടും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ശാന്തി നല്‍കിവരുന്നുണ്ട്. ടി.എസ് ബാബു പ്രസിഡന്റും ഗഫൂര്‍ താനേരി സെക്രട്ടറിയും ഇബ്രാഹിം അറക്ക ട്രഷററുമായുള്ള ജനകീയ കമ്മിറ്റിയാണ് രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്ന ശാന്തിയുടെ ചുക്കാന്‍ പിടിക്കുന്നത്.
സ്‌നേഹമായി സാന്ത്വനം കെയര്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മേഖലയിലെ വേദനിക്കുന്ന രോഗികള്‍ക്ക് സാന്ത്വനമാവുകയാണ് സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍. 2000ല്‍ ആരംഭിച്ച ഇതിന്റെ സ്ഥാപക സിസ്റ്റര്‍ ഡോ. കൊളാസിഗയാണ്. സാന്ത്വനത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്കെല്ലാം ഈയൊരു മേഖലയിലേക്ക് കടന്നുവരാന്‍ ഊര്‍ജ്ജമായ സിസ്റ്റര്‍ ഇപ്പോള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലാണ്.
35 വളണ്ടിയര്‍മാരാണ് ഇപ്പോള്‍ സാന്ത്വനത്തിലൂടെ രോഗികളുടെ വേദനയകറ്റാന്‍ എത്തുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം ഹോംകെയറും ഒരു ദിവസം സൈക്യാട്രി കെയറും സൈക്യാട്രി ഒ.പിയും രോഗികള്‍ക്കായി സാന്ത്വനം ഒരുക്കിയിട്ടുണ്ട്.
250 രോഗികളാണ് സാന്ത്വനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കാന്‍സര്‍, കിഡ്‌നി, പക്ഷാഘാതം, വാര്‍ധക്യ രോഗങ്ങള്‍ അടക്കമുള്ളവ പെടും. അംങ്ങള്‍ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിച്ച 18 സെന്റ് സ്ഥലത്ത് കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ. തളര്‍ന്ന് കിടപ്പിലായതടക്കമുള്ള രോഗികള്‍ക്കായുള്ള ഒരു സെന്റര്‍ ആരംഭിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
എറണാകുളത്തെ ഗോപാല്‍ജി ഫൗണ്ടേഷന്‍ നല്‍കിയ ആംബുലന്‍സിലാണ് ഇവര്‍ രോഗികളുടെ പരചരണത്തിനാി എത്തുന്നത്. വ്യാപാരികളടക്കമുള്ള സുമനസുകള്‍ നല്‍കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് സാന്ത്വനം രോഗികള്‍ക്ക് സാന്ത്വനമേകുന്നത്.
വര്‍ഷത്തില്‍ ലഭിക്കുന്ന റമദാന്‍ റിലീഫ് ഫണ്ടും ക്രിസ്മസ് കരോളില്‍ നിന്ന് ലഭിക്കുന്ന തുകയും ഇത്തരത്തില്‍ ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ക്ലബുകളും സന്നദ്ധ സംഘടനകളും ഇവരുടെ സഹായത്തിനായി എത്തുന്നതും സാന്ത്വനത്തിന് കരുത്തേകുന്നു. ശശികുമാര്‍ ചെയര്‍മാനും യഹ്‌യ വര്‍ക്കിങ് ചെയര്‍മാനും ശബ്‌ന അദ്ഹം സെക്രട്ടറിയും വിജയന്‍ മാസ്റ്റര്‍ ട്രഷററുമായ കമ്മിറ്റിയാണ് സാന്ത്വനത്തിന് കരുത്തേകുന്നത്.
മാതൃകയാക്കാം ഇവരെ
മീനങ്ങാടി: രണ്ടുവര്‍ഷം മുന്‍പ് മീനങ്ങാടിയുടെ വെളിച്ചമായി രൂപം കൊണ്ട എസ്.കെ.എസ്.എസ്.എഫ് കാളമ്പാടി ഉസ്താദ് റിലീഫ് സെല്‍ അവസരോചിതമായ ഇടപെടല്‍ കൊണ്ട് പ്രവര്‍ത്തനമേഖലയില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കുകയാണ്.
ഒരു വിളിയില്‍ ഓടിയെത്തുന്ന യുവാക്കള്‍ സേവനത്തിന്റെ വേറിട്ടൊരു കാഴ്ചയാവുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങളുന്നയിച്ചു വരുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി, വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഏതാനും യുവാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അശരണര്‍ക്ക് ആശ്വാസമായി കാളമ്പാടി ഉസ്താദ് റിലീഫ് സെല്‍ മാറി.
റിലീഫ് വഴി രോഗികള്‍ക്കുള്ള സഹായം, വിദ്യാഭ്യാസ സഹായം, നിര്‍ധനര്‍ക്കുള്ള സഹായം എന്നിങ്ങനെ വിവിധ പ്രവര്‍ത്തന മേഖലയിലാണ് തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട് അവസരോചിതമായി നാളിതുവരെ ഇവര്‍ സഹായങ്ങള്‍ നല്‍കിവരുന്നത്.
രോഗികള്‍ക്കാവശ്യമായി വരുന്ന വാട്ടര്‍ ബെഡ്, എയര്‍ബെഡ്, വീല്‍ചെയര്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിക്കാനും സെല്ലിനായി.
സ്‌നേഹയില്‍ വേദനകളില്ല
കണിയാമ്പറ്റ: തങ്ങള്‍ക്കിടയിലെ വേദനിക്കുന്നവരുടെ വേദന സ്‌നേഹം കൊണ്ടില്ലാതാക്കുകയാണ് കണിയാമ്പറ്റയിലെ സ്‌നേഹ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍. 1997ല്‍ ആരംഭിച്ച സ്‌നേഹ ആയിരത്തിലധികം രോഗികളുടെ പരിചരണമാണ് ചെയ്തുവന്നത്. ഇപ്പോള്‍ 250ലധികം രോഗികള്‍ക്ക് പരിചരണവും ഒപ്പം സ്‌നേഹവും ഇവര്‍ പകുത്തു നല്‍കുന്നു. കാന്‍സര്‍, കിഡ്‌നി, വാര്‍ധക്യ രോഗങ്ങളുമായി വീടുകളില്‍ വേദനയനുഭവിക്കുന്നവരുടെ അടുക്കലേക്ക് ഇവര്‍ ആഴ്ചയില്‍ ഒരു ദിവസം ഓടിയെത്തും. ഇവരുടെ പരിചരണങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തകര്‍ ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രമൂല റോഡില്‍ അംഗങ്ങള്‍ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് പണിത കെട്ടിടത്തില്‍ ഇപ്പോള്‍ മാസത്തിലൊരു ദിവസം ഡോക്ടറുടെ ഒ.പിയും മാസത്തില്‍ രണ്ടുതവണ സൈക്യാടി ഒ.പിയും നടന്നുവരുന്നുണ്ട്. കൂട്ടായ്മയില്‍ അംഗമായിരുന്ന പരേതനായ രാമു മാസ്റ്റര്‍ കരണി സ്‌നേഹക്ക് നല്‍കിയ ആംബുലന്‍സും രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ആന്റണി മാസ്റ്റര്‍ പ്രസിഡന്റും ഇ.സി ഉസ്മാന്‍ സെക്രട്ടറിയും ആനി ടീച്ചര്‍ ട്രഷററുമായ കമ്മിറ്റിയുടെ കീഴിലാണ് ഈ സ്‌നേഹത്തണലിന്റെ പ്രവര്‍ത്തനം.
നിസ്വാര്‍ഥ സേവനത്തിന്റെ മുഖമുദ്രയായി മാനന്തവാടി പെയിന്‍ ആന്റ് പാലിയേറ്റീവ്
മാനന്തവാടി: നിസ്വാര്‍ത്ഥ സേവനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റയും മുഖമുദ്രയായി മാറിയിരിക്കുകയാണ് മാനന്തവാടി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ്. ജില്ലയിലെ രണ്ടാമത്തെ പാലിയേറ്റിവ് കെയര്‍ യൂനിറ്റായി മാനന്തവാടി യൂനിറ്റ് ജില്ലാശുപത്രിയിലെ ബ്ലഡ് ബാങ്ക് വരാന്തയില്‍ 1999ല്‍ 17 പേരുമായി തുടക്കം കുറിച്ചു. 2001ല്‍ ജില്ലാശുപത്രിയിലെ കെട്ടിടത്തിലേക്ക് യൂനിറ്റ് മാറ്റി. തുടര്‍ന്നിങ്ങോട്ടുള്ള കാലയളവില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിസ്സീമമായ പ്രവര്‍ത്തനം കാഴ്ചവച്ച് പൊതുജന പ്രശംസ പിടിച്ചുപറ്റാന്‍ യൂനിറ്റിന് സാധിച്ചു. ഒരു മാസം ശരാശരി 120 വീടുകളില്‍ യൂനിറ്റില്‍ നിന്നുള്ള വളണ്ടിയര്‍മാരെത്തി രോഗികള്‍ക്ക് പരിചരണം, ചികിത്സ, മരുന്ന് എന്നിവ നല്‍കുന്നു. കൂടാതെ കിടപ്പിലായ രോഗികളെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ വരെ മാറ്റി നല്‍കിയാണ് ഇവര്‍ മടങ്ങാറുള്ളത്. രോഗികള്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ ബെഡ്, ക്രച്ചസ്, വാക്കര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, കൗണ്‍സിലിംഗ്, കിടപ്പിലായ രോഗികളുടെ സംഗമം, കൂട്ടിരിപ്പുകാരുടെ സംഗമം എന്നിവയും സംഘടിപ്പിക്കാറുണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി അരിയും ഭക്ഷണ സാധനങ്ങളും നല്‍കാനും അംഗങ്ങള്‍ ജാഗ്രത കാണിക്കുന്നുണ്ട്. യൂനിറ്റിലെ ഒ.പിയില്‍ 250ഓളം രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും നല്‍കിവരികയാണ്. യൂനിറ്റിലെ ഒരു വളണ്ടിയര്‍ തന്റെ മാതാവിന്റെ ഓര്‍മക്കായി നല്‍കിയ ആംബുലന്‍സ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി. 65 വളണ്ടിയര്‍മാരാണ് ഇവിടെ സേവനം ചെയ്യുന്നത്. മുത്തു എന്നറിയപ്പെടുന്ന കെ രാഘവനാണ് യൂനിറ്റ് സെക്രട്ടറി, മുന്‍ ഡി.എം.ഒ ഡോ. നിതാ വിജയന്‍, ഡോ. സുകുമാരന്‍ എന്നിവര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നുണ്ട്.
എഴുത്ത്...
നിസാം കെ അബ്ദുല്ല
ഇല്ല്യാസ് പള്ളിവയല്‍
റഷീദ് നെല്ലുള്ളതില്‍
ഷമീര്‍ മാനന്തവാടി
ശരീഫ് മീനങ്ങാടി
ജാഫര്‍ തലപ്പുഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."