മസിനഗുഡിയില്‍ വരള്‍ച്ച: വളര്‍ത്തുജീവികള്‍ ചാകുന്നു
ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ മസിനഗുഡി മേഖലയില്‍ വളര്‍ത്തുജീവികള്‍ ചാകുന്നു. കടുത്ത വരള്‍ച്ച കാരണമാണ് ജീവികള്‍ ചാകുന്നത്. ആഹാരവും ജലവും ലഭിക്കാതെ വളര്‍ത്തു ജീവികള്‍ കൂട്ടത്തോടെ ചാവുകയാണ്. ഇതേത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായി. പത്ത് ദിവസത്തിനിടെ അഞ്ച് കന്നുകാലികളാണ് ഇവിടെ ചത്തത്. പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്നതിനാലാണ് കന്നുകാലികള്‍ ചാകുന്നതെന്നാണ് വെറ്ററിനറി ഡോ. മങ്കയമ്മ പറയുന്നത്.
മായാര്‍, മസിനഗുഡി, ശിങ്കാര, വാഴത്തോട്ടം, ബൊക്കാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ 400ല്‍പ്പരം ക്ഷീരകര്‍ഷകരാണ് വരള്‍ച്ചയെ തുടര്‍ന്ന് പ്രയാസത്തിലായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്ന മസിനഗുഡിക്ക് 1978ല്‍ അന്നത്തെ മുഖ്യമന്ത്രി എം.ജി.ആര്‍ പ്രത്യേക പാരിതോഷികങ്ങള്‍ വിതരണം ചെയ്തിരുന്നു. 4000 ലിറ്റര്‍ പാലാണ് പ്രതിദിനം അന്ന് ഉത്പാദിപ്പിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ 200 മുതല്‍ 400 ലിറ്റര്‍ വരെയാണ് പാല്‍ ഉത്പാദിപ്പിക്കുന്നത്. തീറ്റയും ജലവും കുറഞ്ഞതിനാലാണിത്. വരള്‍ച്ചയില്‍ വനത്തില്‍ പച്ചപ്പ് നഷ്ടപ്പെട്ട് തീറ്റ കുറഞ്ഞതിനാല്‍ കന്നുകാലികള്‍ ജനങ്ങള്‍ വനങ്ങളിലും റോഡോരങ്ങളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഭക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."