എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കും: മുഖ്യമന്ത്രി
കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സ്‌കൂളില്‍ നടത്തുകയായിരുന്നു അദ്ദേഹം. ഇതിന് സര്‍ക്കാര്‍ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് വിഭവങ്ങള്‍ കണ്ടെത്തണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പി.ടി.എ, എം.പിമാര്‍, എം.എല്‍.എമാര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റു സന്നദ്ധരായ വ്യക്തികള്‍ തുടങ്ങിയവരില്‍നിന്ന് വിഭവ സമാഹരണം നടത്തണം. വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം മാത്രം പോര.
ഗുണനിലവാരവും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ക്കു പകരം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ശുചിമുറികള്‍, ലാബുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ നാട്ടുകാരുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദിഷ്ട സ്‌കൂള്‍ രൂപരേഖ ആര്‍ക്കിടെക്ട് ജി ശങ്കര്‍ മുഖ്യമന്ത്രിക്കു കൈമാറി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, കല്‍പ്പറ്റ നഗരസഭ ചെര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി ആലി, സ്ഥിരം സമിതി അംഗങ്ങളായ സനിത ജഗദീഷ്, കെ അജിത, ടി.ജെ ഐസക്, വാര്‍ഡ് കൗണ്‍സിലര്‍ വി.പി ശോശാമ്മ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രഭാകരന്‍, പ്രിന്‍സിപ്പാള്‍ എം.ആ രാമചന്ദ്രന്‍, ഷെറിന്‍ മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."