എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: മലബാറിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മുതല്‍ക്കൂട്ടും ആരോഗ്യ രംഗത്ത് സഹകരണ മേഖലയില്‍ പുതുചരിത്രവും രചിച്ച് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കോഴിക്കോട് ചൂലൂരിലാണ് കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തില്‍ കാന്‍സര്‍ ആന്‍ഡ് അലൈഡ് എയ്ല്‍മെന്റ്‌സ് റിസര്‍ച്ച് (കെയര്‍) ഫൗണ്ടേഷന്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സഹകരണ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ആറുലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന ആശുപത്രി. കാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് 16 ഏക്കറോളമുള്ള കാംപസില്‍ ആധുനിക കണ്‍വന്‍ഷന്‍ സെന്റര്‍, ഓപണ്‍ തിയറ്റര്‍, സ്‌കൂള്‍ എന്നിവയും ഒരുക്കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 മുതല്‍ ആശുപത്രിയില്‍ ഒ.പി സംവിധാനം ആരംഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. രോഗികളില്‍ 30ശതമാനം പേര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണയത്തിനുള്ള കാലതാമസം കാരണം രാജ്യത്ത് കാന്‍സര്‍ ബാധിതരില്‍ പത്തുശതമാനം പേരെ മാത്രമേ പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നുള്ളൂവെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പറഞ്ഞു.
ഗായിക കെ.എസ് ചിത്രയുടെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബാലഭാസ്‌കറിന്റെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷനും അരങ്ങേറും. നടി മഞ്ജുവാര്യര്‍ ദീപം തെളിയിക്കും. സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനാകും. ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. അഡ്മിനിസ്‌ട്രേറ്റിവ് വിങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റേഡിയേഷന്‍ ബ്ലോക്ക് മുന്‍ മഹരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്യും. ലൈനാക്, സി.ടി.എം ആര്‍.ഐ സെന്റര്‍ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയും സിറ്റി സര്‍വിസ് ബാങ്ക് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പുതിയ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ഫാര്‍മസി, ലാബ് ഉദ്ഘാടനം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും നിര്‍വഹിക്കും. തിയറ്റര്‍ ബ്ലോക്ക് എം.കെ രാഘവന്‍ എം.പിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അക്കൊമഡേഷന്‍ ബ്ലോക്ക് മുന്‍ധനമന്ത്രി കെ.എം മാണിയും, ഡബ്ല്യു.ടി.പി പദ്ധതി പി.ടി.എ റഹീം എം.എല്‍.എയും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ബ്ലോക്ക് ഒ രാജഗോപാല്‍ എം.എല്‍.എയും കമ്മ്യൂണിറ്റി സെന്റര്‍ മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനും വെബ്‌സൈറ്റ് സഹകരണ രജിസ്ട്രാര്‍ എസ് ലളിതാംബികയും ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി.കെ മുഹമ്മദ് അജ്മല്‍, സെക്രട്ടറി ടി.വി വേലായുധന്‍, ട്രഷറര്‍ ടി.എം വേലായുധന്‍, ഡയറക്ടര്‍മാരായ എന്‍.സി അബൂബക്കര്‍, ജി നാരായണന്‍ കുട്ടി, ഇ ഗോപിനാഥ്, ജി.കെ ശ്രീനിവാസന്‍, കെ അജയകുമാര്‍, ദാമോദരന്‍, പി.എസ് സുബില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."