കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസിന് തയാറെന്ന് വിമാനക്കമ്പനികള്‍
കൊണ്ടോട്ടി: ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്താന്‍ തയാറാണെന്ന് വിമാനക്കമ്പനികളായ സഊദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും വ്യക്തമാക്കി. ഹജ്ജ് സര്‍വിസിനായി വിമാനങ്ങള്‍ വാടകക്കെടുക്കുന്ന ഇരു വിമാനക്കമ്പനികളും കൂടുതലും എത്തിക്കുന്നത് 300, 350 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇടത്തരം വിമാനങ്ങളാണെന്ന് വിമാന കമ്പനി അധികൃതര്‍ പറയുന്നു. ഹജ്ജ് സര്‍വിസിന് പുറമെ യാത്രാ സര്‍വിസിനും ഇരുവിമാന കമ്പനികളും ഒരുക്കമാണ്. സ്വന്തം വിമാനങ്ങള്‍ പതിവ് യാത്രാ സര്‍വിസിനും വാടകയ്ക്ക് എടുക്കുന്ന വിമാനങ്ങള്‍ ഹജ്ജ് സര്‍വിസിനുമാണ് രണ്ടു വിമാനക്കമ്പനികളും ഉപയോഗിക്കുന്നത്. കരിപ്പൂരില്‍ നിന്ന് നേരത്തെ ഇടത്തരം വിമാനങ്ങള്‍ ഹജ്ജ് സര്‍വിസിനായി ഇവര്‍ എത്തിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹജ്ജ് സര്‍വിസ് നടത്തിയിട്ടുള്ള എയര്‍ഇന്ത്യയും ജംബോ സര്‍വിസുകള്‍ക്ക് പുറമെ ഇടത്തരം വിമാനങ്ങളെത്തിച്ച് ഹജ്ജ് സര്‍വിസ് നടത്തിയിട്ടുണ്ട്. നിലവിലുള്ള റണ്‍വേയില്‍ ഹജ്ജിന് 550 പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനം ഇറക്കിയും എയര്‍ ഇന്ത്യ ചരിത്രമിട്ടിരുന്നു.
300, 350 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എ-330 ടൈപ്പ് വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ സര്‍വിസിന് അനുമതി നല്‍കാമെന്നാണ് കഴിഞ്ഞ ദിവസം റണ്‍വേ പരിശോധിച്ച ഡി.ജി.സി.എയുടെ പരിശോധനാ റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയും ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ പരിശോധനയ്ക്കു ശേഷം കരിപ്പൂരിന്റെ റണ്‍വേ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിനു കൈമാറും. തുടര്‍ന്ന് വ്യോമയാന മന്ത്രിയായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. 300, 350 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എ-330 ടൈപ്പ് വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം ഹജ്ജ് സര്‍വിസ് അടക്കം കരിപ്പൂരില്‍ നിന്ന് സാധ്യമാകും.
കരിപ്പൂരില്‍ 2015 മെയ് മുതലാണ് വലിയ വിമാനങ്ങള്‍ റണ്‍വേ റീ-കാര്‍പറ്റിങ്ങിന്റെ പേരില്‍ നിര്‍ത്തലാക്കിയത്. റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും നീളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഡി.ജി.സി.എ തീരുമാനമെടുത്തിരുന്നു. ഇതോടെ സഊദിയുടെയും എയര്‍ഇന്ത്യയുടെയും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപും വിമാന സര്‍വിസും കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും തീരുമാനിക്കുക. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ 17ന് ദില്ലിയില്‍ കേന്ദ്ര വകുപ്പ് മന്ത്രിമാരെ കാണുന്നുണ്ട്.
നിലവില്‍ കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി വ്യോമയാന മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പരിഗണിച്ചത് കരിപ്പൂര്‍ വിമാനത്താവളത്തേയാണ്. റണ്‍വേ റീ-കാര്‍പറ്റിങിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ഹജ്ജ് ക്യാംപും സര്‍വിസും നെടുമ്പാശേരിയിലാണ് നടക്കുന്നത്. സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും അവസാന വട്ട കൂടിക്കാഴ്ചയും കഴിഞ്ഞതിനു ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളു. ഹജ്ജിന് ഇത്തവണ ക്വാട്ട വര്‍ധിക്കുമെന്നതിനാല്‍ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടിവരും. കരിപ്പൂരില്‍ റീ-കാര്‍പറ്റിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി റണ്‍വേ ബലപ്പെട്ട സാഹചര്യത്തില്‍ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് മന്ത്രി കേന്ദ്ര മന്ത്രിമാരെ കാണുന്നത്. അനുമതി ലഭിച്ചാല്‍ ഹജ്ജ് സര്‍വിസിന് പുറമെ പ്രതിദിന സര്‍വിസുകളും നടത്താന്‍ ഇരു വിമാനക്കമ്പനികളും തയാറാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."