'ഇനി ഞങ്ങള്‍ പറയാം' സമ്മാനത്തുക ഫെബ്രുവരി 15നകം
തിരുവനന്തപുരം: കുടുംബശ്രീ ദൂരദര്‍ശനുമായി ചേര്‍ന്ന് സംഘടിപ്പിച്ച'ഇനി ഞങ്ങള്‍ പറയാം'റിയാലിറ്റി ഷോയുടെ സമ്മാനത്തുക കൈമാറാന്‍ തീരുമാനം. ഇക്കഴിഞ്ഞ12നു ചേര്‍ന്ന ഗവേണിങ് ബോഡിയിലാണ് ഉടന്‍ തുക കൈമാറാന്‍ തീരുമാനമായത്. ഡിസംബര്‍ 19ന് സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
സമ്മാനത്തുക ഫെബ്രുവരി 15നകം കൈമാറുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുള്‍പ്പെടുത്തി ഉടന്‍ തുക കൈമാറും. സമ്മാനര്‍ഹരുടെ പ്രവര്‍ത്തന പദ്ധതികള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അടുത്തമാസം പകുതിയോടെ തുക കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നരവര്‍ഷം മുന്‍പ് കോടിക്കണക്കിന് രൂപയുടെ സമ്മാനം വാഗ്ദാനം ചെയ്ത് നടത്തിയ പരിപാടിയുടെ സമ്മാനത്തുക ഇതുവരെ നല്‍കിയിരുന്നില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞു വൈകിപ്പിക്കുകയായായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി എട്ടുമാസം കഴിഞ്ഞിട്ടും യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല.
റിയാലിറ്റി ഷോയില്‍ കോടിക്കണക്കിന് രൂപയുടെ പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 2014 മാര്‍ച്ച് മുതല്‍ ആരംഭിച്ച ഷോയില്‍70 സി.ഡി.എസുകള്‍ ഫൈനല്‍ റൗണ്ടിലെത്തി. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയാണ് സമ്മാനര്‍ഹരെ കണ്ടെത്തിയത്.
2015 സെപ്തംബര്‍16ന് തിരുവനന്തപുരം ദൂരദര്‍ശനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് എസ്.ബി.ടിയുടെ മോഡല്‍ ചെക്കുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി. സമ്മാനത്തുകയുടെ ചെക്കിന്റെ മാതൃക നല്‍കിയെങ്കിലും ഇതുവരെ നയാപൈസ വിജയികള്‍ക്ക് കിട്ടിയില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലായിരുന്നു.
ഗ്രാമീണ വിഭാഗത്തില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനര്‍ഹരായത് കഞ്ഞിക്കുഴി സി.ഡി.എസായിരുന്നു. 30 ലക്ഷം രൂപയുടെ രണ്ടാംസമ്മാനം കോഴിക്കോട് ചാത്തമംഗലം സി.ഡി.എസും,ആലത്തൂര്‍ സി.ഡി.എസ് 25 ലക്ഷവും നേടി. നഗര വിഭാഗത്തില്‍ മലപ്പുറം സി.ഡി.എസ് ഒന്നാമതും കാസര്‍കോട് രണ്ടാമതുമെത്തി.
പ്രത്യേകം ആശയം മുന്നോട്ടുവച്ചതിന് മലപ്പുറത്തെ വഴിക്കടവിനും ഫൈനലിലെത്തിയ അഞ്ച് സിഡിഎസുകള്‍ക്കും പ്രത്യേകം സമ്മാനവും പ്രഖ്യാപിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ പണം നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."