സ്‌കോള്‍ കേരള: മലബാര്‍ കേന്ദ്രം നിര്‍ത്തലാക്കാന്‍ നീക്കം
മലപ്പുറം:സ്‌കോള്‍ കേരള മലബാര്‍ കേന്ദ്രം നിര്‍ത്തലാക്കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. മലബാറിലെ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ വിഭാഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2013ല്‍ ആരംഭിച്ച കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ മലപ്പുറം, പാലക്കാട്,കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് വണ്‍, പ്ലസ്ടു അപേക്ഷ, അലോട്ട്‌മെന്റ്, പരീക്ഷ, സമ്പര്‍ക്ക ക്ലാസ് തുടങ്ങി മുഴുവന്‍ പ്രവര്‍ത്തനങ്ങളും മലപ്പുറത്തെ മേഖലാ കേന്ദ്രം വഴിയാണു നടത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഒരാള്‍ക്ക് കേന്ദ്രത്തിന്റെ ചുമതല നല്‍കിയത്. 15 ഓളം ജീവനക്കാരുണ്ടായിരുന്ന ഈ കേന്ദ്രത്തില്‍ ഏഴുപേര്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവരെ തിരുവനന്തപുരത്തെ ഓഫിസിലേക്കു സ്ഥലംമാറ്റി.
മലപ്പുറം കേന്ദ്രം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഇവിടെ സ്വീകരിച്ചിരുന്ന ഭൂരിഭാഗം പ്ലസ് വണ്‍ അപേക്ഷകളും കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്തേക്കു കടത്തിയിരുന്നു.വേണ്ടത്ര ജീവനക്കാരില്ലാത്തിനാലാണു ഫയലുകള്‍ കൊണ്ടുപോകുന്നത് എന്നാണ് വിഷയം വിവാദമായപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ കേന്ദ്രത്തിലെ മുഴുവന്‍ രേഖകളും തിരിച്ചെത്തിക്കുമെന്ന് സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: കെ.എം ഖലീല്‍ അന്ന് അറിയിച്ചിരുന്നു.
വെരിഫിക്കേഷനും അലോട്ട്‌മെന്റും പൂര്‍ത്തിയായി വാര്‍ഷിക പരീക്ഷ അടുത്തെത്തിയിട്ടും കൊണ്ടുപോയ ഫയലുകളില്‍ ഒന്നുപോലും തിരിച്ചെത്തിച്ചിട്ടില്ല.
അതേസമയം സ്‌കോള്‍ കേരളക്കു കീഴിലെ മലപ്പുറത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആസ്ഥാനത്ത് പ്രത്യേക സെക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്തു നിന്നു സ്ഥലം മാറ്റിയ ഒരാള്‍ക്കാണു ഇതിന്റെ ചുമതല. ഇതോടെ ഏഴുപേര്‍ മാത്രമുള്ള മലബാര്‍ കേന്ദ്രം ഇപ്പോള്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാത്രമായി ചുരുങ്ങി. ടി.സി, അപേക്ഷ റദ്ദാക്കല്‍, പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കല്‍ തുടങ്ങിയ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കു മലബാര്‍ കേന്ദ്രത്തെ ആശ്രയിക്കുന്നവര്‍ക്കെല്ലാം തിരുവനന്തപുരത്തെ വിലാസം നല്‍കുകയാണ്. ചുരുക്കം ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മലപ്പുറത്തു നിന്നു നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."