കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടിയെചൊല്ലി വാക്‌പോര്
തിരുവനന്തപുരം:വിമര്‍ശിച്ചും അനുകൂലിച്ചും വാക്‌പോര് രൂക്ഷമായ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയില്‍ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനായി ഉമ്മന്‍ ചാണ്ടി. നാളുകള്‍ക്ക് ശേഷം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി വിട്ടുനിന്നെങ്കിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
പി.ജെ കുര്യന്‍, പി.സി ചാക്കോ, കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. എം.എം ഹസനും കെ. മുരളീധരനുമാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി രംഗത്തു വന്നത്. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉയര്‍ത്തരുതെന്ന് യോഗം ആരംഭിക്കുന്നതിന് മുന്‍പേ വി.എം സുധീരന്‍ നിലപാടെടുത്തു.
എന്നാല്‍, ഈ നിര്‍ദേശം തള്ളിയാണ് ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം ഉയര്‍ത്തി വാക്‌പോര് ഉയര്‍ന്നത്. പാര്‍ട്ടിയെക്കൊണ്ട് ഏറെ നേട്ടമുണ്ടാക്കിയ ഉമ്മന്‍ ചാണ്ടി നിസാരകാര്യത്തിന്റെ പേരില്‍ നിസഹകരണം പ്രഖ്യാപിച്ചിരിക്കുന്നത് ശരിയായില്ലെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഒരാളുടെ മാത്രം സൗകര്യം നോക്കി യോഗം നിശ്ചയിക്കുന്നതും മാറ്റുന്നതും ആരോഗ്യകരമായ പ്രവണതയെല്ലെന്നായിരുന്നു പി.സി ചാക്കോയുടെ തുറന്നടിക്കല്‍.
രാഷ്ട്രീയമായി നിരവധി വിഷയങ്ങള്‍ ലഭിച്ചിട്ടും മുതലെടുക്കാന്‍ പാര്‍ട്ടിക്കുസാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയകാര്യസമിതി യോഗം കൃത്യമായി ചേരാത്തതാണെന്നും ചാക്കോ പറഞ്ഞു. തനിക്കു വേണ്ടി ആരും യോഗം മാറ്റിവയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.എം ഹസന്‍ തിരിച്ചടിച്ചു. യോഗം എപ്പോള്‍ വേണമെങ്കിലും ചേരാം, പങ്കെടുക്കണോ വേണ്ടയോ എന്നത് ഉമ്മന്‍ ചാണ്ടിയാണ് തീരുമാനിക്കുക. തനിക്കു സൗകര്യമുള്ളപ്പോള്‍ മാത്രം യോഗം ചേരണമെന്ന് ഒരു ഘട്ടത്തിലും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും ചേരണമെന്നും അതില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ വരട്ടേയെന്നും ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചു കെ.സി വേണുഗോപാലും രംഗത്തെത്തി.ഇതിനു മറുപടിയുമായി ഐ ഗ്രൂപ്പ് നേതാവ് കൂടിയായ കെ. മുരളീധരന്‍ രംഗത്തെത്തി. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവിനെ ഒഴിവാക്കി കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നതാണ് ഉചിതമെന്ന് മുരളി മറുപടി നല്‍കി. സുധീരനെതിരേയും മുരളി വിമര്‍ശനം ഉയര്‍ത്തി.
പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണെന്നും അതു ശക്തിപ്പെടുത്തണമെന്നും താന്‍ ആവശ്യപ്പെട്ടിതിനു കെ.പി.സി.സി വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായാണു പ്രതികരിച്ചത്. പ്രശ്‌നം വഷളാകുമെന്നറിഞ്ഞിട്ടും ഇടപെടാന്‍ കെ.പി.സി.സി അധ്യക്ഷന്‍ തയാറായില്ലെന്നും മുരളി പറഞ്ഞു. എന്നാല്‍, വിമര്‍ശനം അതിരുവിട്ടപ്പോള്‍ രാജ്‌മോഹനോട് താന്‍ തന്നെയാണു വക്താവ് സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ടതെന്നായിരുന്നു സുധീരന്റെ മറുപടി.
പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നു എ ഗ്രൂപ്പ് നേതാക്കള്‍ ഒന്നടങ്കം യോഗത്തില്‍ ആവശ്യമുയര്‍ത്തി. എന്നാല്‍, പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്താതെ തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടി നല്‍കി. കെ. ബാബുവിനെതിരായ കേസില്‍ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നിട്ട് അഭിപ്രായം പറയാമെന്ന് വ്യക്തമാക്കിയ സുധീരന്‍ മാവോയിസ്റ്റ് വേട്ട, സഹകരണ പ്രക്ഷോഭം എന്നിവയില്‍ അഭിപ്രായം പറഞ്ഞതിനെ എ ഗ്രൂപ്പ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ താഴേതട്ടിലുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനാണ് തീരുമാനം.
ഇതോടെ പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും ആവശ്യം നടക്കില്ലെന്ന് ഉറപ്പായി. ഇതിനിടെ ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടു നിസഹകരണം നടത്തുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഇന്നു ഡല്‍ഹിക്കു പോകും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."