നികുതി വെട്ടിച്ച് ഗ്രാനൈറ്റ് പാളികള്‍ കടത്തുന്നു: സര്‍ക്കാരിന് കോടികളുടെ നഷ്ടം
മലയിന്‍കീഴ്: തലസ്ഥാന ജില്ലയിലെ മലയിന്‍കീഴ് മൂക്കുന്നിമല മുതല്‍ മലയോരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ക്വാറികളില്‍ നിന്നും അനുമതിയില്ലാതെ ഗ്രാനൈറ്റ് പാളികള്‍ കടത്തുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഒരു പരിശോധനയും നടത്താതെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ചാണ് കടത്ത്. ഇവിടെ നിന്നും യു.എസ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കാണ് ഗ്രാനൈറ്റ് കടത്തുന്നത്.
ഇതുവഴി കോടികളാണ് ക്വാറി മാഫിയ കൊയ്യുന്നത്. കോടികളുടെ സാമ്പത്തിക നഷ്ടത്തോടൊപ്പം വലിയ പാരിസ്ഥിതിക പ്രശനങ്ങളും ഉണ്ടാകുന്നുണ്ട്.
തെക്കന്‍ കേരളത്തില്‍ അടക്കമുള്ള പാറഖനനക്കാരെ ഇടനിലക്കാരാക്കിയാണ് വന്‍കിട ഖനനക്കാര്‍ പാളികള്‍ കടത്തുന്നത്. കൃഷ്ണശില എന്ന് വിളിക്കുന്ന ശിലകളാണ് ഇവിടെ നിന്നും കടത്തുന്നത്.
പ്രത്യേക തരത്തില്‍ രൂപപ്പെട്ട പാറകളില്‍ നിന്നാണ് ഇത്തരം പാളികള്‍ കിട്ടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങി മിക്ക മേഖലകളിലും ഇത്തരം പാളികള്‍ ലഭിക്കുന്നുണ്ട്.
ഇത് നിസ്സാര തുകയ്ക്ക് വാങ്ങി പാളികളാക്കിയാണ് വില്‍പ്പന. അതിനായി തിരുവനന്തപുരത്തെ പെരുങ്കടവിളയിലും നഗരൂലിലും ചില യൂനിറ്റുകളുമുണ്ട്. അവിടെ എത്തിച്ച് പാളികളാക്കി ലോറികളില്‍ പാറ എന്ന ലേബലില്‍ ചെക്ക് പോസ്റ്റ് കടത്തും.
ഇങ്ങനെ കടത്തുന്ന ഗ്രാനൈറ്റ് മിനുസപ്പെടുത്താന്‍ തമിഴ് നാട്ടില്‍ രഹസ്യ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തെത്തിച്ചതിനു ശേഷം കണ്ടെയനറുകളിലാക്കി കടല്‍ കടത്തും.
സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള ക്വാറികളില്‍ നിന്നാണ് പാറ പൊട്ടിക്കുന്നത്. അതിനാല്‍ തന്നെ അധികൃതര്‍ ഇത് കാര്യമായി ശ്രദ്ധിക്കാറില്ല. ക്വാറികളില്‍ നിന്നുതന്നെ ഗ്രാനൈറ്റ് പാളികള്‍ പൊട്ടിച്ചെടുക്കാനായി ഖനനത്തിനൊപ്പം പലരും ക്രഷര്‍ യൂണിറ്റുകളും തുടങ്ങിയിട്ടുണ്ട്.
പാറ അനുവദനീയമായ മറ്റ് രൂപങ്ങളിലേക്ക് മാറ്റാന്‍ അനുമതിയും വന്‍ ഫീസും ഒടുക്കണമെന്നാണ് നിയമം.
ഈ നിയമം കാറ്റില്‍ പറത്തിയാണ് ക്വാറിമാഫിയയുടെ നടപടി. കടത്ത് വ്യാപകമായതോടെ തമിഴ്‌നാട്, മുംബൈ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പാറക്കൂട്ടം അന്വേഷിച്ച് പലരും ഇവിടങ്ങളില്‍ എത്തുന്നുണ്ട്.
തണുപ്പ് സമയത്ത് ചൂടും എന്നാല്‍ ചൂട് സമയത്ത് തണുപ്പും നല്‍കുന്നതാണ് ഇത്തരം ശിലകളെന്നതാണ് ഇതിന്റെ വിപണി മൂല്യം വര്‍ധിപ്പിക്കുന്നത്. ചേര-ചോള- പാണ്ഡ്യ രാജവംശങ്ങള്‍ ഇത്തരം ശിലകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ കൊട്ടാരങ്ങള്‍ നിര്‍മിച്ചിരുന്നത്.
ബ്രിട്ടിഷ് ഭരണകാലത്ത് ഇത്തരം ശിലകള്‍ വന്‍ തോതില്‍ ഇവിടെ നിന്നും ലണ്ടനിലേക്ക് കൊണ്ടുപോയതായി രേഖകളുണ്ട്. വന്‍ തോതില്‍ ഇത്തരം ശിലകള്‍ കടത്തുന്നത് ഭാവിയില്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിന് ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."