പ്രതിസന്ധികള്‍ക്കിടയില്‍ പ്രതീക്ഷയേകാന്‍ പതങ്കയം ജലവൈദ്യുത പദ്ധതി
കോഴിക്കോട്: മഴലഭ്യതയിലെ കുറവ് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന വൈദ്യുത മേഖലക്ക് മാതൃകയാകാന്‍ പുതിയ ചെറുകിട ജലവൈദ്യുത പദ്ധതി വരുന്നു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലാണ് മലബാറിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുതിയായ പതങ്കയം പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഇരുവഴിഞ്ഞിപ്പുഴയെ ഉപയോഗപ്പെടുത്തി നിര്‍മിച്ച പദ്ധതി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. എട്ട് മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുക. സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ മിനാര്‍ ടി.എം.ടി ഗ്രൂപ്പുമായി സഹകരിച്ച് 55 കോടി രൂപ ചെലവില്‍ രണ്ടേക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി വരുന്ന ഭൂമിയുടെ അളവിലും കുറവാണിത്.
ഈ ഭൂമിയില്‍ തന്നെ ശേഷിക്കുന്ന ഭാഗത്ത് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. ചൈനയിലെ താഹി ഇലക്ട്രിക്കല്‍ കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങളാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പുഴയിലൂടെ ഒഴുകുന്ന ജലത്തെ വലിയ സ്‌റ്റോറേജ് ഡാമുകള്‍ നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് പകരം വെള്ളം തിങ്ങി നില്‍ക്കുന്ന പുഴയുടെ ഭാഗം മാത്രം ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. 17 മാസം കൊണ്ടാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസി, വൈസ് പ്രസിഡന്റ് തമ്പി പാറക്കണ്ടത്തില്‍, വാര്‍ഡ് അംഗം ഷിജി, മിനാര്‍ ടി.എം.ടി മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദ് ഷാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."